'തിരുചിത്രമ്പലം' എന്ന ചിത്രത്തിലെ ശോഭന എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഗാര്‍ഗി സിനിമയിലെ അഭിനയത്തിന് സായ് പല്ലവിക്ക് ലഭിക്കേണ്ടതായിരുന്നു ആ ദേശീയ പുരസ്‍കാരം എന്നായിരുന്നു ചിലരുടെ പ്രതികരണം. ഈ വിമർശനത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനൻ.
'ആളുകൾക്ക് എപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അവാർഡുകൾ ലഭിച്ചില്ലെങ്കിൽ സിനിമ ചെയ്യുന്നില്ല എന്ന് പറയും. ലഭിച്ചാൽ ആ സിനിമയ്ക്ക് ആയിരുന്നില്ല ലഭിക്കേണ്ടതെന്ന് പറയും. നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് ലഭിക്കാതിരുന്നതെന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അങ്ങനെ എപ്പോഴും വിമർശനങ്ങൾ ഉണ്ടാകും,' നിത്യ മേനൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ദേശീയ പുരസ്കാരം ഒരു ഉത്തരവാദിത്തമല്ല മറിച്ച് ആഘോഷിക്കേണ്ടതും സന്തോഷിക്കേണ്ടതുമായ നിമിഷമായാണ് താൻ കണക്കാക്കുന്നതെന്ന് ദേശീയ അവാർഡ് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷമുള്ള പ്രതികരണത്തിൽ നിത്യ മേനൻ പറഞ്ഞിരുന്നു. പതിനഞ്ച് വർഷത്തോളമായി സിനിമയിൽ വർക്ക് ചെയ്യുന്നു. ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമായി കൂടിയാണ് അവാർഡിനെ കണക്കാക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
തിരുചിത്രമ്പലത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡലികടൈ' എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കുന്നത്. ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രവും നാലാമത്തെ സംവിധാന സംരംഭമാണ് 'ഇഡലികടൈ'.
Content Highlights: Nithya Menon reacts to the controversies related to the National Award