സൂര്യയെ നായകനാക്കി ഒരുങ്ങുന്ന സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച് ഒരു ലവ് സ്റ്റോറി ചെയ്യുമ്പോൾ അതിൽ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.
'സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ സിനിമയല്ല. അതൊരു ലവ് സ്റ്റോറി ആണ്. നിറയെ ആക്ഷനും സിനിമയിൽ ഉണ്ടാകും. പക്ഷെ സിനിമയുടെ കോർ എന്നത് പ്രണയമാണ്. ഒരു ഗ്യാങ്സ്റ്ററിനെ പറ്റിയുള്ള കഥയല്ല ഒരിക്കലും സൂര്യ 44. ആ ഒരു ധാരണ പ്രേക്ഷകർക്കിടയിൽ എങ്ങനെ വന്നെന്ന് എനിക്കറിയില്ല', കാർത്തിക് സുബ്ബരാജ് പറഞ്ഞു.
'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞെന്ന വിവരങ്ങൾ ചിത്രങ്ങളോടൊപ്പം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് സാധ്യത.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്.
ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി ആണ് നിർവഹിക്കുന്നത്. ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlights: suriya 44 is a love story not a gangster film says karthik subbaraj