ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ നിയമപോരാട്ടം നടത്തി വിജയിച്ച മലയാളി അഭിഭാഷകൻ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതകഥ സിനിമയാകുന്നു. നടൻ അക്ഷയ് കുമാറാണ് ചേറ്റൂർ ശങ്കരൻ നായരായി എത്തുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും, വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്നു സർ ചേറ്റൂർ ശങ്കരൻ നായർ.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം 2025 മാർച്ച് 14 നാണ് റിലീസ് ചെയ്യുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കരൺ ജോഹർ, അപൂർവ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ചരിത്ര രേഖകൾക്കൊപ്പം ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് എഴുതിയ 'ദി കേസ് ദാസ് ഷൂക്ക് ദി എംപയർ' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്‌ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടി ശങ്കരൻ നായർ വിജയം നേടിയിരുന്നു. നവാഗതനായ കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ മാധവൻ, അനന്യ പാണ്ഡേ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2021 ലാണ് ചിത്രം കരൺ ജോഹർ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും ഈ വർഷവുമായിട്ടായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. ഹരിയാനയിലെ റെവാരി ജില്ലയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. റെവാരി റെയിൽവേ സ്റ്റേഷനും റെവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയവുമായിരുന്നു അവിടുത്തെ പ്രധാന ചിത്രീകരണ സ്ഥലങ്ങൾ. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഇനിയും ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: Akshay Kumar act Malayali adv C Sankaran Nair biopic