ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയ താരമാണ് ആലിയ ഭട്ട്. നടിയുടെ മിക്ക ചിത്രങ്ങളിലും ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാകാറാണ് പതിവ് . എന്നാൽ ആലിയ പ്രധാന കഥാപാത്രമായെത്തിയ ചിത്രം 'ജിഗ്ര'യുടെ പേരിൽ ബോളിവുഡിൽ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും സിനിമ കാണാൻ തിയേറ്ററിൽ ആളില്ലെന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ഏഴു ദിവസം പിന്നിടുമ്പോഴും പ്രതീക്ഷിച്ച കളക്ഷൻ സിനിമയ്ക്ക് ഉണ്ടാക്കാനായിട്ടില്ല. ആലിയയുടെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് എന്നാണ് ചിത്രത്തെക്കുറിച്ചുള്ള അനലിസ്റ്റുകളുടെ അഭിപ്രായം.
കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ആലിയയും നിർമാണ പങ്കാളികളായിട്ടുപോലും സിനിമയെ രക്ഷിക്കാനായിട്ടില്ല. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 80 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 22 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസ് കൂപ്പുകുത്തനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകളും മുന്നോട്ട് വെക്കുന്നത്.
ഇതിനിടെ 'ജിഗ്ര' തന്റെ സാവി എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതാണെന്നുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സംവിധയകാൻ കരൺ ജോഹറിന്റെ മറുപടിയും ശ്രദ്ധ നേടിയിരുന്നു.
'മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി' എന്നായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരൺ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി. 'മറ്റുള്ളവരുടേത് മോഷ്ടിക്കാൻ നിങ്ങൾ ലജ്ജയില്ലാതെ ശീലിക്കുമ്പോൾ, നിങ്ങൾ എല്ലായിപ്പോഴും നിശബ്ദതയിൽ അഭയം തേടും. നിങ്ങൾക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല,' എന്നായിരുന്നു ദിവ്യയുടെ പ്രതികരണം.
Content Highlights: Alia's Jigra nears failure at the theatres