മോഹൻലാൽ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ബറോസിൻ്റെ പ്രധാന ഹൈലൈറ്റ്. നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാലും ടീമും ബറോസിൻ്റെ റിലീസ് തീയതി തീരുമാനിച്ചു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരാഴ്ച മുമ്പ് 2024 ഡിസംബർ 19 ന് ഈ 3D ഫാൻ്റസി ഫിലിം റിലീസ് ചെയ്യുമെന്നാണ് വിവരം.
മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യം റിലീസ് ചെയ്ത അതേ ദിവസം തന്നെയാകും ബറോസും തിയേറ്ററുകളിലെത്തുക എന്നാണ് ഈ സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2013 ഡിസംബർ 19നാണ് റിലീസ് ചെയ്തത്. നിർമ്മാതാക്കൾ ഇതുവരെ ബറോസിൻ്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാൻ-ഇന്ത്യൻ റിലീസ് നടത്താൻ ബറോസ് ഒരുങ്ങുകയാണ്. ജിജോ പുന്നൂസിൻ്റെ അതേ പേരിലുള്ള ജനപ്രിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് 3D ഫാൻ്റസി ചിത്രത്തിൻ്റെ ഗാനങ്ങളും ഒറിജിനൽ സ്‌കോറും ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പേരമ്പാവൂരാണ് ബറോസ് നിർമ്മിക്കുന്നത്.
Content Highlights: mohanlal movie barroz release date fixsed