സിനിമയെക്കാളും കളക്ഷനുകളെ കുറിച്ചാണ് ഇപ്പോൾ കൂടുതൽ പ്രേക്ഷക ശ്രദ്ധയെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചെറിയ കുട്ടികൾ പോലും ഇപ്പോൾ കളക്ഷനെ പറ്റിയാണ് സംസാരിക്കുന്നത്. സിനിമ കൾച്ചറിനുള്ളിൽ ഇതൊരു മോശമായ കാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. പ്രേക്ഷകർക്ക് ഇതൊരു പ്രഷർ ആയി മാറുകയാണെന്നും എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് പറഞ്ഞു.
'ഞാൻ ഒരു വലിയ രജനി ഫാൻ ആണ്. എന്റെ സഹോദരിയുടെ മകൻ വിജയ് ഫാൻ ആണ്. ഇപ്പോൾ ഉദാഹരണത്തിന് ദി ഗോട്ട് കാണാൻ പോകുമ്പോൾ ഇത് ജയിലറെ കളക്ഷനെ മറികടക്കുമോ ഇല്ലയോ എന്നതാണ് അവന്റെ ചിന്ത. സിനിമ നല്ലതാണോ ഇല്ലയോ എന്നതിനെ വിട്ടിട്ട് കളക്ഷനെ എന്തിനാണ് നോക്കുന്നതെന്ന് ഞാൻ പലപ്പോഴും അവനോട് പറഞ്ഞിട്ടുണ്ട്', കാർത്തിക്ക് സുബ്ബരാജ് പറഞ്ഞു.
കളക്ഷനെ പറ്റിയുള്ള പ്രേക്ഷകരുടെ ഈ ചിന്ത സിനിമ കൾച്ചറിനുള്ളിലെ മോശമായ കാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. കളക്ഷനെ പറ്റി മാത്രം ചിന്തിക്കുന്ന ഈയൊരു സോണിലേക്ക് സംവിധായകർ പോകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു. ജിഗർത്തണ്ടയിൽ ഒരു ഡയലോഗ് ഉണ്ട് 'നമ്മൾ ചെയ്തത് നല്ല സിനിമയാണോ അല്ലയോയെന്ന് മറ്റൊരാൾ അല്ല പറയേണ്ടത് നിന്റെ ഉള്ളിലാണ് ആദ്യം തോന്നേണ്ടത്'. അതുതന്നെയാണ് സംവിധായകരോടും തനിക്ക് പറയാനുള്ളതെന്നും കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.
സൂര്യയെ നായകനാക്കി ഒരുങ്ങുന്ന സൂര്യ 44 ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തിക് സുബ്ബരാജ് ചിത്രം. സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ.
ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞെന്ന വിവരങ്ങൾ ചിത്രങ്ങളോടൊപ്പം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് സാധ്യത.
Content Highlights: People are now more concerned about collections than movies says karthik subbaraj