ബോക്സ് ഓഫീസിൽ തുടരെ ഉണ്ടായ പരാജയങ്ങൾക്ക് ഒടുവിൽ ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ആഗോളതലത്തിൽ ഫാൻബേസ് നേടിയ നടനാണ് പ്രഭാസ്. പിന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാഹുബലി 2, സലാർ, കൽക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ നടൻ്റെ ഫാൻബെയ്സ് ഉയർന്നിരുന്നു. ഇപ്പോൾ നടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.
ഒക്ടോബർ 23 ന് പ്രഭാസിന്‍റെ ജന്മദിനത്തില്‍ ആറു സിനിമകളാണ് തിയേറ്ററുകളിലേക്ക് റീ റിലീസിനെത്തുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നിവയാണ് പ്രഭാസിൻ്റെ ജന്മദിനത്തില്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലുടനീളമുള്ള തിയേറ്ററുകളിലാണ് ആരാധകരുടെ നേതൃത്വത്തിൽ ഈ റീ റിലീസ്. അതേ സമയം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ കാനഡയിയും ജപ്പാനിലും റീറിലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് പ്രഭാസ് ഫാന്‍സിനെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴിലും മലയാളത്തിലും ഹിന്ദിയും എല്ലാം റീ റിലീസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാവും ഒരു നടന്റെ ആറു സിനിമകൾ ഒരു ദിവസം തന്നെ തിയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ പ്രഭാസ് അത്രത്തോളം ആരാധകരെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. പ്രഭാസിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് രാജാസാബ് എന്ന ചിത്രമാണ്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസിനെത്തുക. ഒടുവിൽ റീലീസ് ചെയ്ത കൽക്കി ബോക്സ്ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
Content Highlights: Six films of Prabhas will reach the theaters in one day