പരാജയത്തിൽ മുങ്ങിക്കിടന്ന മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിനെ കരകയറ്റിയ ചിത്രമായിരുന്നു സ്‌പൈഡർമാൻ- നോ വേ ഹോം. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഇരുപത്തിയേഴാമത്തെ സിനിമയായി പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആൻഡ്രൂ ഗാർഫീൽഡ്, ടോബി മാഗ്വിയർ എന്നിവരുടെ കാമിയോക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു.
സ്പൈഡർമാന്റെ നാലാം ഭാഗത്തിന് സൂചന നൽകിയായിരുന്നു ചിത്രം അവസാനിച്ചത്. പീറ്റർ പാർക്കർ/സ്‌പൈഡർ മാൻ എന്നീ കഥാപത്രങ്ങളെ അവതരിപ്പിച്ച ടോം ഹോളണ്ട് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ വായിച്ചെന്നും കൂടുതൽ ജോലികൾ ആവശ്യമാണെന്നും എഴുത്തുകാർ മികച്ചതായി തന്നെ തിരക്കഥ ഒരുക്കുന്നുവെന്നുമാണ് ടോം ഹോളണ്ട് പറയുന്നത്. റിച്ച് റോൾ പോഡ്‌കാസ്റ്റിൽ അതിഥിയായെത്തിയപ്പോഴാണ് ഹോളണ്ടിന്റെ പ്രതികരണം.
'ഞാൻ 3 ആഴ്‌ച മുമ്പ് സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചു. ശെരിക്കും ഞെട്ടിപ്പോയി. തിരക്കഥയിൽ കൂടുതൽ ജോലികൾ ആവശ്യമാണ്. എഴുത്തുകാർ മികച്ചതായി തന്നെ തിരക്കഥ ഒരുക്കുന്നു'. ടോം ഹോളണ്ട് പറഞ്ഞു.
അതേസമയം, ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സ് എന്ന മാർവെൽ ചിത്രമൊരുക്കിയ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആകും സ്‌പൈഡർമാൻ 4 സംവിധാനം ചെയ്യുക എന്ന റിപ്പോർട്ടുകൾ ഉണ്ട്. 2025 ൽ നാലാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും 2026 ലാകും റിലീസെന്നും വാർത്തകളുണ്ട്.
നാലാം ഭാഗത്തിൽ ആൻഡ്രൂ ഗാർഫീൽഡും, ടോബി മാഗ്വിയറും പ്രധാന വേഷങ്ങളില്‍ ടോം ഹോളണ്ടിന്റെ സ്പൈഡർമാനൊപ്പം എത്തുമെന്നും സൂചനകളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഒക്ടോബർ 25 ന് പുറത്തിറങ്ങാനിരിക്കുന്ന വെനം 3 ദി ലാസ്റ്റ് ഡാൻസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ സ്‌പൈഡർമാൻ ഉണ്ടാകുമെന്നും ഇതുവഴി അടുത്ത സ്‌പൈഡർമാൻ സിനിമയിലേക്കുള്ള ലീഡ് ഉണ്ടായേക്കുമെന്നും സൂചകൾ പുറത്തുവരുന്നുണ്ട്.
Content Highlights: Tom holland talks about Spiderman 4 script