'ഗോട്ടിന്റെ റിലീസിന് ശേഷമാണ് ആ ചിത്രം കണ്ടത്'; വിജയകാന്ത് ചിത്രവുമായുള്ള സാമ്യതകളെക്കുറിച്ച് വെങ്കട് പ്രഭു

വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു

dot image

പ്രഖ്യാപനം മുതൽ ആരാധകർ വലിയ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ഗോട്ട്. നടൻ ഇരട്ടവേഷത്തിലെത്തിയ സിനിമയ്ക്ക് റിലീസിന് ശേഷം സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒടിടി റിലീസിന് ശേഷമാകട്ടെ വിജയകാന്ത് ചിത്രം രാജദുരൈയുമായി ഗോട്ടിന്റെ കഥയ്ക്ക് സാമ്യമുണ്ടെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു.

രാജദുരൈയുമായി ഗോട്ടിന്റെ കഥയ്ക്ക് സാമ്യതകളുണ്ടെന്ന് റിലീസിന് ശേഷമുളള ട്രോളുകളിലൂടെയാണ് താൻ അറിഞ്ഞത്. റിലീസിന് ശേഷമാണ് താന്‍ ആ ചിത്രം കണ്ടതെന്നും അതിന് മുന്നേ കണ്ടിരുന്നെങ്കിൽ കഥ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗോട്ട് 455 കോടിയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 215 കോടിയോളം രൂപയാണ് സിനിമ സംസ്ഥാനത്ത് നേടിയത്. എന്നാൽ കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ സിനിമയ്ക്ക് വമ്പൻ കളക്ഷൻ നേടാനായില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.

വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Venkat Prabhu comments on the comparison of Vijayakanth's Rajadurai and GOAT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us