ആക്‌ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ഒരു ലോകേഷ് സ്പെഷ്യൽ വിഭവം; അതായിരുന്നു ‘ലിയോ'. കണ്ടു തഴമ്പിച്ച വിജയ് എന്ന താരത്തിലുപരി അദ്ദേഹത്തിനുള്ളിലെ നടനെ കൃത്യമായി ലിയോയിൽ ഉപയോഗിച്ചപ്പോൾ അതുവരെ ഉണ്ടായിരുന്ന വിജയ് സിനിമകളുടെ കളക്ഷനുകളെ എല്ലാം ചിത്രം തിരുത്തി എഴുതുകയായിരുന്നു. അത്രയും സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ദിവസങ്ങളോളം തിയേറ്ററുകളിൽ ഫുൾ ഷോ. ലിയോ ലിയോ റിലീസായതിന്റെ ഒരു വർഷം തികയുമ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.
'ഒരുപാട് പഠനങ്ങൾ, ഒരുപാട് ഓർമ്മകൾ, ഒരുപാട് ആവേശകരമായ നിമിഷങ്ങൾ. എൻ്റെ ഹൃദയത്തോട് എന്നും ചേർന്ന് നിൽക്കുന്ന സിനിമയാണ് ലിയോ. ചിത്രം യാഥാർത്ഥമാക്കി തന്നതിന് വിജയ് അണ്ണനോട് ഒരുപാട് സ്നേഹം. ഈ ചിത്രത്തിന് വേണ്ടി തങ്ങളുടെ വിയർപ്പും രക്തവും ചെലവഴിച്ച എല്ലാവരോടും പ്രേക്ഷകരോടും എക്കാലവും നന്ദിയുണ്ട്'. ലോകേഷ് പറഞ്ഞു.
So many learnings, so many memories, so many exciting moments ❤️
— Lokesh Kanagaraj (@Dir_Lokesh) October 19, 2024
The film that will always stay close to my heart, #Leo 🔥🧊
Love you so much @actorvijay na for making it happen 🤗🤗❤️
Eternally grateful to all the people who have spent their sweat and blood for this film,… pic.twitter.com/nbcaKz1ptR
ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ് യുടെ പ്രകടനവും തന്നെയായിരുന്നു ചിത്രത്തിന്റെ ആത്മാവ്. വർഷങ്ങൾക്ക് ശേഷമുള്ള വിജയ് തൃഷ കോംബോയും ആരാധകർ ഏറ്റെടുത്തു. മലയാളത്തിലെ മാത്യു തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്കടുത്തായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ കളക്ഷൻ.
അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ദളപതി 69 ലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും എത്തുന്നുണ്ട്.
Content Highlights: A movie that is always close to the heart Lokesh Kanagaraj on the first anniversary of 'Leo'