'എന്താടാ നിന്റെ പ്രശ്‌നം?',വിജയ് ആരാധകനായ സഹോദരി പുത്രനുമായുള്ള 'തർക്ക'ത്തെ കുറിച്ച് കാർത്തിക് സുബ്ബരാജ്

കൊച്ചുകുട്ടികൾ പോലും ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡുകളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഇത് തെറ്റായ പ്രവണതയാണെന്നും കാർത്തിക് സുബ്ബരാജ്.

dot image

തമിഴിലെ പുതിയ തലമുറ സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. സൂര്യ നായകനാവുന്ന 44 -ാം ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഇപ്പോഴിതാ തമിഴ് സിനിമയിലും ആരാധകരിലും അടുത്തിടെ കണ്ടുവരുന്ന പുതിയ പ്രവണകളിൽ ആശങ്ക അറിയിക്കുകയാണ് കാർത്തിക് ഇപ്പോൾ.

കൊച്ചുകുട്ടികൾ പോലും ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡുകളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഇത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് നായകനായ ഗോട്ട് സിനിമ കാണാൻ തന്റെ സഹോദരി പുത്രനൊപ്പം പോയപ്പോൾ ഉണ്ടായ അനുഭവവും കാർത്തിക് സുബ്ബരാജ് പങ്കുവെച്ചു.

'ഞാൻ എന്റെ സഹോദരിയുടെ മകനോടൊപ്പം ദ ഗോട്ട് കാണാൻ പോയി. അവൻ വിജയ്‌യുടെ കടുത്ത ആരാധകനാണ്. ഗോട്ട് ജയിലറുടെ കളക്ഷനെ വെട്ടിക്കുമെന്നും കാത്തിരുന്ന് കാണാനും അവൻ എന്നോട് പറഞ്ഞു. എന്താടാ നിന്റെ പ്രശ്‌നം എന്നായിരുന്നു ഞാൻ ചോദിച്ചത്. ചിത്രങ്ങളുടെ കളക്ഷനെ കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അതിലെ ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും ഞാൻ അവനോട് പറഞ്ഞുവെന്നും കാർത്തിക് വെളിപ്പെടുത്തി.

'ചെറിയ കുട്ടികൾ പോലും ബോക്സ് ഓഫീസ് നമ്പറുകളുടെ അഭിനിവേശത്തിലാണ്. സിനിമാ സംസ്‌കാരത്തിൽ ഇതൊരു തെറ്റായ കീഴ്‌വഴക്കമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമാക്കാർ ആ മേഖലയിലേക്ക് കടക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. നല്ല സിനിമകൾ ചെയ്യുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുന്ന തരത്തിൽ സിനിമകൾ നിർമ്മിക്കണം. ആളുകൾ കഥയുമായും അതിലെ ഇമോഷൻസുമായും കണക്ട് ആയാൽ, കളക്ഷൻ താനെ വരും' എന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.

അതേസമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയാവുന്നത്. മലയാളി താരം ജോജു ജോർജ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന പ്രണയ ചിത്രമാണിതെന്നാണ് ചിത്രത്തിനെ കുറിച്ച് നേരത്തെ കാർത്തിക് സുബ്ബരാജ് പറഞ്ഞത്.

Content Highlights: Director Karthik Subbaraj about Box office Collection Fight and Fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us