മലയാളികളുടെ ഇഷ്ട സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബോക്‌സോഫീസിൽ കാര്യമായി ചലനങ്ങൾ സൃഷ്ടിക്കാറില്ല.
എന്നാൽ കെ എൻ പ്രശാന്തിന്റെ 'പൊനം' എന്ന നോവൽ സിനിമയാക്കി കരിയറിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ലാൽ ജോസ്. ചിത്രത്തിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. 'പൊനം' സിനിമ അണിയറയിൽ ഒരുങ്ങുകയാണെന്നും ഫഹദ് ഫാസിൽ ആണ് നായകനാവുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന് ശേഷം 12 വർഷം കഴിഞ്ഞാണ് ഫഹദ് തന്റെ ചിത്രത്തിൽ നായകനാവുന്നതെന്നും അദ്ദേഹം റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്‌ക്രിപ്റ്റ് ഏതാണ്ട് പൂർത്തിയായി. രണ്ട് നായകന്മാരുള്ള ചിത്രത്തിൽ രണ്ടാമത്തെ നായകനായി ടൊവിനോയെ സമീപിച്ചെന്നും എന്നാൽ ഡേറ്റ് ഇല്ലാത്തതുകൊണ്ട് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും ലാൽ ജോസ് പറഞ്ഞു. വലിയ ബജറ്റ് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
'ഫഹദിനെപ്പോലെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ഇതിലേക്ക് വന്നാൽ ബിസിനസ് നല്ല രീതിയിൽ നടക്കും. ഒരുപാട് വയലൻസും ആക്ഷനും ഒക്കെയുള്ള കഥയാണ്'. സ്‌ക്രിപ്റ്റ് കുറച്ചുകൂടി കംപ്ലീറ്റ് ആകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും ലാൽ ജോസ് പറഞ്ഞു.
ബിജു മേനോൻ നായകനായ 41, സൗബിനും മംമ്തയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മ്യാവു, ജോജുജോർജ് നായകനായ സോളമന്റെ തേനീച്ചകൾ എന്നിവയാണ് ലാൽ ജോസിന്റെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ.
Content Highlights: A film full of violence and action! Fahadh is the hero, Lal Jose is preparing to make a comeback with 'Ponam'