പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന സിനിമ റിലീസ് ചെയ്തിട്ട് 12 വർഷം പൂർത്തിയായിരിക്കുന്നു. ഈ വേളയിൽ സിനിമയുടെ വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് സിനിമാപ്രേമികൾ. മലയാളത്തിലെ മികച്ച സിനിമകളിൽ അയാളും ഞാനും തമ്മിലിന് വ്യക്തമായ സ്ഥാനമുണ്ടെന്നും ചിത്രം ഒരു മാസ്റ്റർപീസാണെന്നും ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നു. 'ദിസ് ഈസ് ദി പ്ലെയ്സ് വെയർ ഡോക്ടർ രവി തരകൻ വാസ് ബോൺ' എന്ന സിനിമയിലെ ഹിറ്റ് ഡയലോഗും ചിത്രത്തിലെ രംഗങ്ങളും ഗാനങ്ങളുമെല്ലാം പലരും പങ്കുവെക്കുന്നുമുണ്ട്.
ലാൽ ജോസും സിനിമയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഒരു വ്യാഴവട്ടം' എന്ന ക്യാപ്ഷ്യനോടെയാണ് സിനിമയുടെ ഓർമ്മ അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയും നിരവധി പേർ സിനിമയെക്കുറിച്ച് കമന്റുകൾ പങ്കുവെക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് അയാളും ഞാനും തമ്മിൽ എന്നാണ് പലരും പറയുന്നത്. ഒപ്പം ലാൽ ജോസിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇതെന്നു പോലും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
2012 ഒക്ടോബർ 19 നായിരുന്നു അയാളും ഞാനും തമ്മിൽ റിലീസ് ചെയ്തത്. മെഡിക്കൽ ഡ്രാമ ജോണറിൽ കഥ പറഞ്ഞ സിനിമയിൽ ഡോക്ടർ രവി തരകൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ബോബി-സഞ്ജയ് കൂട്ടുകെട്ടായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. പ്രതാപ് പോത്തൻ, സംവൃത സുനിൽ, റിമ കല്ലിങ്കൽ, നരേൻ, രമ്യ നമ്പീശൻ, സുകുമാരി, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ലാൽ ജോസ് ഇപ്പോൾ. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞതും. കെ എൻ പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും ലാൽ ജോസ് പറഞ്ഞു.
Content Highlights: Prithviraj and Lal Jose movie Ayalum Njanum Thammil 12 years