ജവാൻ, ലിയോ, ദേവര, വേട്ടയ്യൻ… സമീപകാലത്ത് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയാണ്. ഇതിന് പിന്നാലെ പ്രവർത്തിക്കുന്ന സിനിമകളുടെ സ്കെയിൽ അനുസരിച്ച് പ്രതിഫലം കൂട്ടാൻ റോക്ക്സ്റ്റാർ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ബജറ്റ് അനുസരിച്ച് 10 മുതൽ 12 കോടി രൂപ വരെ ഈടാക്കാൻ അനിരുദ്ധ് തീരുമാനിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അനിരുദ്ധിന്റെ ഈ നീക്കത്തിന് പിന്നാലെ എ ആർ റഹ്മാൻ, എംഎം കീരവാണി ഉൾപ്പടെയുള്ള പ്രമുഖ സംഗീത സംവിധായകരും തങ്ങളുടെ പ്രതിഫലം വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. രാം ചരണുമായുള്ള അടുത്ത ചിത്രത്തിന് എആർ റഹ്മാൻ 10 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. അതുപോലെ, പുഷ്പ: ദി റൈസിൻ്റെ വിജയത്തിന് ശേഷം ദേവി ശ്രീ പ്രസാദ് പ്രതിഫലം എട്ട് കോടി രൂപയായി വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ വേട്ടയ്യൻ എന്ന സിനിമയാണ് അനിരുദ്ധിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മനസിലായോ, ഹണ്ടർ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. കൂടാതെ ' വിടാ മുയാർച്ചി ', 'മാജിക്', 'ഇന്ത്യൻ 3', 'വിഡി 12', 'കൂലി', 'ലവ് ഇൻഷുറൻസ് കമ്പനി', 'എസ്‌കെ 23' എന്നിങ്ങനെ നിരവധി സിനിമകൾ അനിയുടേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അടുത്ത പത്ത് മാസത്തിനുള്ളിൽ 50 ൽ അധികം ഗാനങ്ങളാണ് ഒരുക്കാനുള്ളത് എന്ന് അനിരുദ്ധ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Reports that Anirudh to hike the remunaration for next movies