വെച്ച കുറി തെറ്റിയോ? വേട്ടയ്യന്റെ നഷ്ടം നികത്താൻ മറ്റൊരു സിനിമ, രജനികാന്തിന് നിബന്ധനയുമായി ലൈക്ക?

രജനീകാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻതാരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ

dot image

രജനികാന്ത് നായകനായെത്തിയ പുതിയ ചിത്രമാണ് വേട്ടയ്യൻ. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമയുടെ മേൽ ലൈക്ക വലിയ പ്രതീക്ഷയും വെച്ചിരുന്നു. എന്നാൽ റിലീസിന് പിന്നാലെ ബോക്സ്ഓഫീസിൽ തണുപ്പൻ പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. ഈ സാഹചര്യത്തിൽ ലൈക്ക രജനികാന്തിന് മുന്നിൽ പുതിയ നിബന്ധന വെച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, ഈ അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ രജനികാന്തിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ലാല്‍ സലാം, ദര്‍ബാര്‍, 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലെെക്ക നിര്‍മിച്ച ചിത്രങ്ങള്‍.

രജനീകാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻതാരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ. ആദ്യവാരം പിന്നിടുമ്പോൾ കളക്ഷനിൽ വലിയ ഇടിവാണ് സിനിമയ്ക്ക് സംഭവിക്കുന്നത്. ആദ്യവാരം അവസാനിച്ചപ്പോൾ 122.15 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. രണ്ടാം വെള്ളിയാഴ്ചയായ ഇന്നലെ സിനിമ 2.65 കോടി രൂപ മാത്രമാണ് നേടിയത്. ആഗോളതലത്തിൽ സിനിമ ഇതിനകം 300 കോടി നേടി കഴിഞ്ഞു.

എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.

Content Highlights: Reports that Lyca Productions have asked Rajinikanth to compensate for the loss of Vettaiyan

dot image
To advertise here,contact us
dot image