തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അമരൻ. ഉലകനായകൻ കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം എന്നതിനൊപ്പം യഥാർത്ഥ ജീവിത കഥ സിനിമയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ നായികയായെത്തുന്നത് സായ് പല്ലവിയാണ്. സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രമായ പ്രേമം കണ്ടതിന് ശേഷം എല്ലാവരെയും പോലും മലർ ടീച്ചറുടെ ഫാൻ ആയി മാറിയെന്ന് പറഞ്ഞിരിക്കുകയാണ് ശിവകാർത്തികേയൻ. അമരൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് നടന്റെ പ്രതികരണം.
തിയേറ്ററിൽ ഒരു സിനിമ വന്നു എന്നറിഞ്ഞതും കാണാൻ പോയി. സിനിമയിലെ ഒരു കഥാപാത്രം സ്‌ക്രീനിൽ വന്നതും എല്ലാരും കൂടെ മലർ ടീച്ചർ എന്ന്പറഞ്ഞു ബഹളം ആയിരുന്നു. എനിക്ക് അറിയുന്ന ടീച്ചർ എന്ന് പറഞ്ഞാൽ തന്നെ ആളുകൾ വിറച്ച് ഓടും. ആദ്യമായാണ് ആളുകൾ ടീച്ചറിനെ കണ്ട് ഇത്രയും ആഘോഷമാക്കുന്നത് കണ്ടത്. ആ സിനിമ കണ്ട് കഴിഞ്ഞു ഇറങ്ങിയപ്പോൾ എല്ലാരെയും പോലെ ഞാനും ടീച്ചറുടെ ഫാൻ ആയി.
നമ്പർ കണ്ടു പിടിച്ച് ടീച്ചറെ വിളിച്ച് പ്രേമം സിനിമയിലെ മലർ ടീച്ചർ കഥാപാത്രം നന്നായി ചെയ്തു എന്ന് പറഞ്ഞതും താങ്ക്യൂ സോ മച്ച് അണ്ണാ എന്ന് പറഞ്ഞു. പിന്നീട് ഞാൻ എന്തുപറയുമ്പോഴും താങ്ക്യൂ താങ്ക്യൂ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവസാനം ഞാൻ പറഞ്ഞു, നിങ്ങൾ സായ് പല്ലവി ആയി സംസാരിക്കരുത് മലർ ടീച്ചറെ ആണ് ഞാൻ വിളിച്ചതെന്ന്. സിനിമയിലെ കഥാപത്രം പോലെ മറന്ന് പോയാലും അണ്ണാ എന്ന് മാത്രം വിളിക്കല്ലേ എന്ന് ഞാൻ പറഞ്ഞു. അന്ന് ഞാൻ പറഞ്ഞിരുന്നു, നമ്മൾ ഒരുമിച്ച് അഭിനയിക്കാൻ എപ്പോഴെങ്കിലും അവസരം ലഭിക്കുമെന്ന്. വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ആ അവസരം ലഭിച്ചത്, ശിവ കാർത്തികേയൻ പറഞ്ഞു.
ധീര ജവാനായിരുന്ന മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന 'അമരൻ' രാജ്കുമാർ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ശിവകാർത്തികേയന്റെ ഭാര്യയായാണ് സായ് പല്ലവി എത്തുന്നത്.
ഒക്ടോബർ 31 ദീപാവലി റിലീസ് ആയിട്ടാണ് അമരൻ റിലീസ് ചെയ്യുക. നിർമാതാവ് കൂടിയായ കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം. സിനിമയുടേതായി ഇറങ്ങിയ പാട്ടുകളെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: sivakarthikeyan about sai pallavi first movie premam