താരസംഘടനയായ AMMA-യ്‌ക്കെതിരെ വിമർശനവുമായി നടി മല്ലിക സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളുവെന്നും കൈനീട്ടം എന്ന പേരിൽ നൽകുന്ന സഹായത്തിൽ വിവേചനം നടന്നിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അർഹതപ്പെട്ട, അവശരായ ഒരുപാടു പേർ സംഘടനയിൽ ഉണ്ടെന്നും എന്നാൽ ചിലരെ മാറ്റിനിർത്തിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
മാസത്തിൽ 15 ദിവസം വിദേശത്ത് കഴിയുന്നവർക്ക് പോലും കൈനീട്ടം നൽകുന്നുണ്ട്. കൈനീട്ടം പദ്ധതിയിൽ അപാകതകളുണ്ടെന്ന് ഇടവേള ബാബുവിനോട് പറഞ്ഞിരുന്നെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. മരുന്നു വാങ്ങാൻ പോലും കാശില്ലാത്ത അഭിനേതാക്കൾ ഉണ്ടെന്നും അവർക്കാണു കൈനീട്ടം കൊടുക്കേണ്ടതെന്നും അവർ പറഞ്ഞു.
സംഘടനയിൽ എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്. മിണ്ടാതിരുന്നു കേൾക്കുന്നവർക്കേ അവിടെ പറ്റുകയുള്ളുവെന്നും മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
നേരത്തെ സംഘടനയുടെ തുടക്കകാലത്ത് പറ്റിയ പല തെറ്റുകളുംനടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞതാണ്. എന്നാൽ അത് ചിലരുടെ ഈഗോ ക്ലാഷിൽ അവസാനിച്ചു. സുകുമാരൻ മരിച്ചതിന് ശേഷമാണ് ഈ പ്രശ്‌നങ്ങൾ അവർക്ക് മനസിലായതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ സർക്കാരിനെയും മല്ലിക സുകുമാരൻ വിമർശിച്ചു. കേസ് എവിടെ വരെ എത്തിയെന്നു സർക്കാർ പറയണം. അതിജീവിതയായ ആ പെൺകുട്ടിക്കു നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകൾ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും. ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്ന് സർക്കാർ പറയണം. എന്നിട്ടുവേണം അവർ ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറയാനെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. മോശം പെരുമാറ്റമുണ്ടായാൽ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അതേസമയം താരസംഘടനയുടെ തലപ്പത്തേക്ക് തന്റെ മകനും നടനുമായ പൃഥ്വിരാജ് പോകില്ലെന്നാണ് വിശ്വാസമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
Content Highlights: Actress Mallika Sukumaran against AMMA Association and Kerala Government, Hema Committee Report