ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ജിഗ്ര. വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് തിയേറ്ററുകളിൽ മോശം പ്രതികരണമാണ് നേടാൻ കഴിയുന്നത്. ഈ അവസരത്തിൽ സിനിമയുടെ സംവിധായകൻ വസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നുളള വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഒരുദിവസം മുന്നേ സജീവമായിരുന്ന അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. ഒപ്പം സംവിധായകന്റെ മുൻപോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്.
കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ സിനിമയ്ക്ക് നേരെ വരുന്ന വിമർശനങ്ങളിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ബോക്‌സ്ഓഫീസ് കണക്കുകളെ ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി താൻ കണക്കാകുന്നില്ലെന്നായിരുന്നു വസന്‍ ബാലയുടെ പ്രതികരണം. ഈ വാക്കുകള്‍ ഏറെ ട്രോളുകൾക്ക് വഴിവെക്കുകയുണ്ടായി. ബോക്സോഫീസ് വിജയം എന്നത് ജനങ്ങളുടെ അംഗീകാരത്തിന്‍റെ തെളിവാണെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
ഈ മാസം 11നായിരുന്നു ജിഗ്ര റീലീസ് ചെയ്തത്. ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു. 80 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസ് കൂപ്പുകുത്താനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകളും മുന്നോട്ട് വെക്കുന്നത്.
ഇതിനിടെ 'ജിഗ്ര' തന്റെ സാവി എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതാണെന്നുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം ഏറെ ചർച്ചയായിരുന്നു. ഇതിനോട് സംവിധായകൻ കരൺ ജോഹര്‍ നടത്തിയ പ്രതികരണവും വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു.
'മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി' എന്നായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരൺ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി. 'മറ്റുള്ളവരുടേത് മോഷ്ടിക്കാൻ നിങ്ങൾ ലജ്ജയില്ലാതെ ശീലിക്കുമ്പോൾ, നിങ്ങൾ എല്ലായിപ്പോഴും നിശബ്ദതയിൽ അഭയം തേടും. നിങ്ങൾക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല,' എന്നായിരുന്നു ദിവ്യയുടെ പ്രതികരണം.
Content Highlights: Jigra director Vasan Bala deletes Twitter account after film's box office failure