Jan 4, 2025
09:06 PM
രജനികാന്ത് നായകനായി തിയേറ്ററുകളിൽ എത്തിയ വേട്ടയ്യൻ പത്ത് ദിവസം പിന്നിടുകയാണ്. മഞ്ജുവാര്യരും ദുഷാര വിജയനും നായികമാരായ ചിത്രത്തിൽ പത്തോളം മലയാളി നടി നടന്മാരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രത്തിൽ ദുഷാര അവതരിപ്പിച്ച ശരണ്യയെന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചത് മലയാളി താരം രമ്യ സുരേഷ് ആയിരുന്നു. രമ്യയുടെ മുന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യൻ. ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രമ്യ ഇപ്പോൾ.
മലയാളത്തിൽ താൻ അഭിനയിച്ച നിവിൻ പോളി ചിത്രം പടവെട്ട് കണ്ടാണ് തനിക്ക് വേട്ടയ്യനിൽ അവസരം ലഭിച്ചതെന്നാണ് രമ്യ പറയുന്നത്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രമ്യ സുരേഷ് ഇക്കാര്യം പറഞ്ഞത്. പടവെട്ട് സിനിമ കണ്ട് കാസ്റ്റിംഗ് ഡയറക്ടർ സൂരി ആണ് വേട്ടയ്യനിൽ വിളിക്കുന്നതെന്നും രജനികാന്തിനൊപ്പമുള്ള സിനിമയെന്ന് കേട്ടപ്പോൾ ഞെട്ടിയെന്നും രമ്യ പറയുന്നു.
എല്ലാ താരങ്ങൾക്കൊപ്പവും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നെന്നും എന്നാൽ സിനിമ വന്നപ്പോൾ രജനി സാറുമായും ഫഹദുമായും മാത്രമായിരുന്നു ഉണ്ടായതെന്നും രമ്യ സുരേഷ് പറഞ്ഞു. വേട്ടയ്യന് പുറമെ സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44, രാംപ്രകാശ് രായപ്പ സംവിധായകനായും നായകനായും എത്തുന്ന പേരിടാത്ത ചിത്രം എന്നിവയാണ് രമ്യ അഭിനയിച്ച മറ്റു തമിഴ് ചിത്രങ്ങൾ.
രജനികാന്തിനും മഞ്ജുവാര്യർക്കും പുറമെ അമിതാഭ് ബച്ചൻ, റാണ, ഫഹദ് ഫാസിൽ, തുടങ്ങിയ വൻതാരനിര തന്നെ വേട്ടയ്യന്റെ ഭാഗമായിരുന്നു. ആദ്യവാരം പിന്നിടുമ്പോൾ കളക്ഷനിൽ വലിയ ഇടിവാണ് സിനിമയ്ക്ക് സംഭവിക്കുന്നത്. ആദ്യവാരം അവസാനിച്ചപ്പോൾ 122.15 കോടിയാണ് സിനിമ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ആഗോളതലത്തിൽ സിനിമ ഇതിനകം 300 കോടി നേടി കഴിഞ്ഞു.
എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.
Content Highlights: Malayalam Actress Ramya Suresh about how she get chance in Vettaiyan