തെന്നിന്ത്യൻ താരം പ്രഭാസും സന്ദീപ് റെഡ്ഡി വംഗയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്തയെ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയെ സംബന്ധിച്ച് പല അപ്ഡേറ്റുകളും, പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ അന്ന് മുതലേ സജീവമാണ്. ഇപ്പോള്‍, സിനിമയുടെ ഷൂട്ടിംഗ് 2025 ഏപ്രിലിലേക്ക് റീഷെഡ്യൂൾ ചെയ്തതായുള്ള വാർത്തകളാണ് വരുന്നത്.
ഈ വർഷം അവസാനത്തോടെ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കാനായിരുന്നു അണിയറപ്രവർത്തകർ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രീ പ്രൊഡക്ഷന്‍ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ സിനിമയുടെ ചിത്രീകരണം നീട്ടിയതായാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സമയം കൊണ്ട് പ്രഭാസ്, ഹനു രാഘവപുടിയുടെ ഫൗജിയും മാരുതി സംവിധാനം ചെയ്യുന്ന രാജസാബും പൂർത്തിയാക്കുമെന്നാണ് സൂചന.
സ്പിരിറ്റിൽ സന്ദീപ് പ്രഭാസിനായി ഒരു പ്രത്യേക ലുക്ക് ഡിസൈൻ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇത് പുറത്തുവിടാൻ ആഗ്രഹിക്കാത്തത് മൂലം സ്പിരിറ്റിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ മറ്റു സിനിമകൾ പൂർത്തിയാക്കണമെന്ന് നടനോട് അദ്ദേഹം ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
ആനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡിലെ ടി-സീരീസുമായി സഹകരിച്ച് സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Reports that Prabhas and Sandeep Reddy movie Spirit shoot to re schedule