കേന്ദ്രമന്ത്രിയും സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും നടനുമായ സുരേഷ് ഗോപിക്ക് ഭരണഘടന ശിൽപി ഡോക്ടർ ബി ആർ അംബേദ്ക്കറുടെ 'ജാതി ഉന്മൂലനം' (Annihilation of Caste) പുസ്തകം നൽകി സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി യൂണിയൻ.
ചെയർമാനായി സ്ഥാനം ലഭിച്ച ശേഷം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ സന്ദർശനത്തിനിടെയാണ് സുരേഷ് ഗോപിക്ക് വിദ്യാർത്ഥി യൂണിയൻ അംബേദ്ക്കറുടെ പുസ്തകം നൽകിയത്. കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ ബി ആർ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചതിനോട് അനുബന്ധിച്ച് യൂണിയന്‍റെ പ്രസിദ്ധീകരണശാലയായ പൊളേറ്ററിയന്‍ പ്രസ് പുന:പ്രസിദ്ധീകരിച്ച പുസ്തകം കൂടിയാണിത്. രാഷ്ട്രീയപാർട്ടികൾക്ക് അതീതമായി വിദ്യാർത്ഥികൾ സ്വതന്ത്രമായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട യൂണിയനാണ് കൊൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്.
യൂണിയൻ ചെയർമാൻ ശുഭരാമൻ, ജനറൽ സെക്രട്ടറി അശ്വിൻ, യൂണിയൻ മെമ്പർ ദിഷ എന്നിവരാണ് പുസ്തകം സുരേഷ് ഗോപിക്ക് നൽകിയത്. 'ബി ആർ അംബേദ്ക്കറുടെ പുസ്തകം എല്ലാ മനുഷ്യരും വായിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് പുസ്തകം റീ പബ്ലിഷ് ചെയ്തതെന്നും യൂണിയൻ പ്രസിഡന്റ് ശുഭരാമൻ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.
ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുരേഷ് ഗോപിയുടെ ആദ്യത്തെ സന്ദർശനമായതിനാലാണ് ഈ പുസ്തകം ഇപ്പോൾ അദ്ദേഹത്തിന് നൽകിയതെന്നും കാമ്പസിലെ മുഴുവൻ പേർക്കും ഈ പുസ്തകത്തിന്റെ പതിപ്പ് തങ്ങൾ നൽകിയിരുന്നെന്നും ശുഭരാമൻ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. അതേസമയം സുരേഷ് ഗോപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ആശയങ്ങൾക്ക് എതിരെയുള്ള ആശയ സമരത്തിന്റെ ഭാഗം കൂടിയാണ് അംബേദ്ക്കറുടെ പുസ്തകം നൽകിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി തിരഞ്ഞെടുത്തതിനെതിരെ വിദ്യാർത്ഥി യൂണിയൻ പ്രസ്താവന പുറത്തിറക്കിയിരുന്നു. കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുള്ള സ്ഥാപനത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന നടനായ സുരേഷ് ഗോപിയെ നിയമിക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു യൂണിയൻ പ്രസ്താവനയിൽ പറഞ്ഞത്.
സുരേഷ് ഗോപിക്ക് വിദ്യാർത്ഥി യൂണിയൻ അംബേദ്ക്കറുടെ പുസ്തകം നൽകിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി പുനർജനിക്കണമെന്ന സുരേഷ് ഗോപിയുടെ മുൻ പ്രസ്താവന വീണ്ടും ചർച്ചയാവുന്നുണ്ട്. അംബേദ്ക്കറുടെ ആശയങ്ങളിലൂടെ ജാതി ഉൻമൂലനത്തിന്റെ ആവശ്യകത സുരേഷ് ഗോപി മനസിലാക്കട്ടെയെന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്ന കമന്റുകൾ.
1936 ൽ ആണ് ബി ആർ അംബേദ്ക്കർ 'ജാതി ഉന്മൂലനം' (Annihilation of Caste) എന്ന പുസ്തകം സ്വന്തം നിലയ്ക്ക് പുറത്തിറക്കിയത്. 'ജാത്-പാത്-തോടക് മണ്ടൽ' (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന, ഹിന്ദു നവോത്ഥാന സംഘടനയുടെ ക്ഷണപ്രകാരം ലാഹോറിൽ നടത്താനിരുന്ന പ്രസംഗമായിരുന്നു ഇത്. എന്നാൽ പ്രസംഗത്തിലെ ആശയം തിരിച്ചറിഞ്ഞ സംഘടന ക്ഷണം പിൻവലിച്ചു. ഇതോടെയാണ് ഈ പ്രസംഗത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. പിന്നീട് ഇത് വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്ത് എത്തിയിരുന്നു.
Contnet Highlights: Satyajit Ray Film Institute Student Union Give Ambedkar's book about cast to Actor and Politician Suresh Gopi