പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുന്ന ചിത്രമാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരൻ. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സുരാജ്.
ചിത്രത്തിൽ താനും വിക്രമും എസ് ജെ സൂര്യയും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ രംഗമുണ്ടെന്നും സിംഗിള്‍ ഷോട്ടിൽ ചിത്രീകരിച്ച രംഗത്തിന്റെ ദൈർഘ്യം 18 മിനിറ്റാണെന്നും സുരാജ് പറഞ്ഞു. കരിയറിൽ ഇതുവരെ അത്തരമൊരു രംഗം താന്‍ ചെയ്തിട്ടില്ലെന്നും നടൻ പറഞ്ഞു.
സിനിമയുടെ ചിത്രീകരണ സമയത്ത് വിക്രം തന്നോട് ഏറെ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും സുരാജ് പറഞ്ഞു. "ചിത്രത്തിൽ തനിക്ക് വെട്ടേൽക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം
ചിത്രീകരിക്കുന്നതിന് മുമ്പ് കൈയില്‍ പാഡ് വെച്ചിട്ടില്ലായിരുന്നു. അത് കണ്ട വിക്രം അസിസ്റ്റന്റുകളെ വിളിച്ച് അത് ശരിയാക്കിയ ശേഷമാണ് സീന്‍ ചിത്രീകരിച്ചത്. സിനിമയില്‍ മധുരൈ സ്ലാങ്ങിൽ സംസാരിക്കുന്ന കഥാപാത്രമാണ് എന്‍റേത്. സ്ലാങ് കിട്ടാതെ വരുമ്പോള്‍ വിക്രം സഹായിക്കാറുണ്ടായിരുന്നു," സുരാജ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.
ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്നാണ് സൂചന. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്‌ലര്‍ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.
Content Highlights: Suraj Venjaramoodu talks about Chiyan Vikram Movie Veera Dheera Sooran