ഗുവാഹത്തിയിലെ കാമാഖ്യാ ക്ഷേത്രം സന്ദർശിച്ച് നടി തമന്ന ഭാട്ടിയ. മാതാപിതാക്കൾക്കൊപ്പമായിരുന്നു തമന്നയുടെ ക്ഷേത്ര സന്ദർശനം. ബെറ്റിങ് ആപ്പ് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു തമന്നയുടെ ക്ഷേത്ര ദർശനം.
ബിറ്റ്കോയിൻ, ക്രിപ്റ്റോകറൻസി മൈനിംഗ് പ്ലാറ്റ്ഫോം എന്ന വ്യാജേന നിക്ഷേപകരെ കബളിപ്പിച്ച HPZ ടോക്കൺ ആപ്പിനെതിരായ അന്വേഷണത്തിലാണ് തമന്നയെ ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ.
HPZ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത തമന്ന, പണം പ്രതിഫലമായി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. നേരത്തെ പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സിനിമ തിരക്കുകൾ കാരണം ഹാജരാകാൻ തമന്നയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ഇഡി സമൻസ് അയക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് തമന്ന ഭാട്ടിയ ചോദ്യം ചെയ്യലിന് ഹാജരായത്. ബിറ്റ്കോയിനിൽ നിന്നും ക്രിപ്റ്റോകറൻസി മൈനിങിലൂടെയും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് HPZ ടോക്കൺ ആപ്പ് നിക്ഷേപകരെ പറ്റിച്ചെന്നാണ് കേസ്.
കഴിഞ്ഞ മാർച്ചിലാണ് കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചത്. ചൈനീസ് പൗരന്മാരുമായി ബന്ധമുള്ള 76 സ്ഥാപനങ്ങൾ, ചൈനീസ് വംശജരായ 10 ഡയറക്ടർമാർ, വിദേശ വ്യക്തികളുടെ നേതൃത്വത്തിലുള്ള രണ്ട് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 299 സ്ഥാപനങ്ങളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
Content Highlights: Tamanna Bhatia visits Kamakhya Temple after questioned by ED in money laundering case