'ആലിയ എന്നെ വിശ്വസിച്ചു'; 'ജിഗ്ര'യുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് സംവിധായകൻ

80 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 27 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.

dot image

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രം 'ജിഗ്ര' ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. വലിയ പ്രതീക്ഷയോടെത്തിയ വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് തിയേറ്ററുകളിൽ മോശം പ്രതികരണമാണ് നേടാൻ കഴിയുന്നത്. ഈ വേളയിൽ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിരിക്കുകയാണ് സംവിധായകൻ വാസൻ ബാല.

ആലിയ തന്നെ ഏറെ വിശ്വസിച്ചിരുന്നു എന്നും ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടാത്തതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഫീവർ എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു വാസൻ ബാല.

'എല്ലാവരുടെയും ആദ്യ ചോയ്‌സാണ് ആലിയ. അവർക്ക് മറ്റേതെങ്കിലും സിനിമ ചെയ്യാമായിരുന്നു. എന്നാൽ അവർ എന്നെ വിശ്വസിച്ചു. അതിനാൽ സിനിമ ബോക്സ്ഓഫീസിൽ ലാഭമുണ്ടാക്കുക എന്നത് എന്റെ ചുമതലയാണ്. അതിനാൽ തന്നെ എന്താണ് സംഭവിച്ചത് എന്നതിൽ വിശകലനം ചെയ്യേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ സിനിമയ്ക്ക് നേരെ വരുന്ന വിമർശനങ്ങളിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ബോക്‌സ്ഓഫീസ് കണക്കുകളെ ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി താൻ കണക്കാക്കുന്നില്ലെന്നായിരുന്നു ബാലയുടെ പ്രതികരണം. ഈ വാക്കുകള്‍ ഏറെ ട്രോളുകൾക്ക് വഴിവെക്കുകയുണ്ടായി. ബോക്സോഫീസ് വിജയം എന്നത് ജനങ്ങളുടെ അംഗീകാരത്തിന്‍റെ തെളിവാണെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. ഇതിന് പിന്നാലെ വാസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത സംഭവവും വാർത്തയായിരുന്നു.

ഈ മാസം 11നായിരുന്നു ജിഗ്ര റിലീസ് ചെയ്തത്. ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു. 80 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 27 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസിൽ കൂപ്പുകുത്താനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകളും മുന്നോട്ട് വെക്കുന്നത്.

Content Highlights: Director Vasan Bala says Jigra box office was his responsibility

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us