ഈ വർഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റാണ് പ്രഭാസ് നായകനായ 'കൽക്കി 2898 എഡി'. ആഗോളതലത്തിൽ 1000 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യയിലില്ല, മറിച്ച് റഷ്യയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
അടുത്ത മാസം ഒന്നിന് ചിത്രം റഷ്യയിൽ റീ റിലീസ് ചെയ്യുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം റഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന ഖ്യാതി കൽക്കിക്ക് സ്വന്തമാണ്. 1.64 മില്യൺ ഡോളറായിരുന്നു ആദ്യ തവണ റിലീസ് ചെയ്തപ്പോൾ സിനിമ സ്വന്തമാക്കിയത്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് നിർമിച്ചത്. റിലീസ് ദിനത്തിൽ തന്നെ 'കെ.ജി.എഫ്. ചാപ്റ്റർ 2' (159 കോടി രൂപ), 'സലാർ' (158 കോടി രൂപ), 'ലിയോ' (142.75 കോടി രൂപ) എന്നിവയുടെ ഓപ്പണിംഗ് റെക്കോർഡുകളാണ് കൽക്കി തകർത്തത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ പശ്ചാത്തലമാകുന്ന ചിത്രത്തില് മഹാഭാരത കാലം മുതല് എഡി 2898 വരെ നീണ്ടുനിൽക്കുന്ന കഥയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പട്ടാണി, ശോഭന, പശുപതി തുടങ്ങിയ അഭിനേതാക്കൾ അണിനിരന്ന ചിത്രത്തിൽ 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
Content Highlights: Kalki 2898 AD to re release in Russia