കമൽഹാസന്റെ AI പഠനം 'മരുതനായക'ത്തിന് വേണ്ടിയോ? 27 വർഷം മുമ്പ് മുടങ്ങിയ സിനിമ വീണ്ടുമെത്തുമോ?

85 കോടി മുതൽ മുടക്കിൽ വരാനിരുന്ന ചിത്രം കമൽഹാസന്റെ രാജ് കമൽ ഫിലിംസ് തന്നെയായിരുന്നു നിർമിക്കാനിരുന്നത്.

dot image

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നടൻ കമൽഹാസൻ അമേരിക്കയിലേക്ക് പുതിയ കോഴ്‌സ് പഠിക്കുന്നതിനായി പോകുന്നതായി വാർത്തകൾ പുറത്തുവന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിക്കുന്നതിനായിട്ടായിരുന്നു കമൽ വിദേശത്തേക്ക് പോയത്.

കമലിന്റെ ഈ കോഴ്‌സ് പഠനം അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന 'മരുതനായകം' സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ് മാധ്യമമായ സിനിഉലഗമാണ് ഇതു സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്തുവിട്ടത്.

27 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച സിനിമയായിരുന്നു മരുതനായകം. കമൽഹാസനും സുജാതയും ചേർന്ന് എഴുതിയ സിനിമ സാമുവൽ ചാൾസ് ഹില്ലിന്റെ 'യൂസഫ് ഖാൻ' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു.

എലിസബത്ത് രാജ്ഞി പങ്കെടുത്ത ചടങ്ങിലായിരുന്നു ചിത്രം ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ ചിത്രത്തിന്റെ നിർണായക രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമ പാതിവഴിക്ക് നിന്നു പോയിരുന്നു. ചിത്രം എന്നെങ്കിലും പുനരാരംഭിക്കുമെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.

മുമ്പൊരിക്കൽ, മരുതനായകം താൻ വീണ്ടും ചെയ്യുമെന്നും എന്നാൽ മറ്റൊരാളായിരിക്കും ചിത്രത്തിൽ നായകനാവുകയെന്നും കമൽഹാസൻ പറഞ്ഞിരുന്നു. എന്നാൽ എ ഐ കോഴ്‌സിലൂടെ മരുതനായകം വീണ്ടും കൊണ്ടുവരാൻ സാധിക്കുമോയെന്നാണ് കമൽഹാസൻ നിലവിൽ നോക്കുന്നതെന്നാണ് തമിഴ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.

ഇളയരാജയായിരുന്നു മരുതനായകത്തിന് സംഗീതം പകർന്നിരുന്നത്. ചിത്രത്തിലെ ഒരുഗാനം പുറത്തുവിടുകയും ചെയ്തിരുന്നു. 85 കോടി മുതൽ മുടക്കിൽ വരാനിരുന്ന ചിത്രം കമൽഹാസന്റെ രാജ് കമൽ ഫിലിംസ് തന്നെയായിരുന്നു നിർമിക്കാനിരുന്നത്. 1997 പകുതിയോടെ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടന്നിരുന്നു. കന്നഡ താരം വിഷ്ണു വർദ്ധൻ, നസറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

രവി.കെ.ചന്ദ്രൻ കാമറയും സാബു സിറിൾ കലാസംവിധാനവും നിർവഹിക്കാനിരുന്ന ചിത്രം റിയൽ ലൈഫ് സ്റ്റോറി കൂടിയായിരുന്നു. 1690 മുതൽ 1801 വരെ തമിഴ്നാട്, കർണാടക, ആന്ധ്രാ എന്നീ പ്രദേശങ്ങൾ ഭരിച്ച രാജവംശമായ 'ആർകോട്ട്' രാജവംശത്തിലെ സേനാനായകനായിരുന്ന മുഹമ്മദ് യൂസഫ് ഖാൻ ആയിരുന്നു മരുതനായകം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. 1758 ലെ മധുര- തിരുനൽവേലി ഗവർണർ എന്നീ പദവികൾ ഒക്കെ വഹിച്ചിരുന്ന മുഹമ്മദ് യൂസഫ് ഖാൻ ഹിന്ദു കുടുംബത്തിൽ ജനിച്ച് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു.

Content Highlights: Kamal Haasan's AI studies for Marudhanayagam ? says Tamil Media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us