നടി സായ് പല്ലവിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് സംവിധായകൻ മണിരത്നം. സായ് പല്ലവിയുടെ വലിയ ആരാധകനാണ് താൻ എന്നും ഒരിക്കൽ സായ് പല്ലവിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മണിരത്നം പറഞ്ഞു. ശിവകാർത്തികേയൻ നായകനായി എത്തുന്ന അമരൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മണിരത്നം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ സായ് പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സിനിമയിലേക്ക് വരുന്നതിന് മുമ്പ് തനിക്ക് അധികം സംവിധായകരുടെ പേര് അറിയുമായിരുന്നില്ലെന്നും എന്നാൽ മണിരത്നം എന്ന പേര് തനിക്ക് എന്നും അറിയാവുന്ന ഒന്നായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ താൻ കാണിക്കുന്ന ശ്രദ്ധയുടെ കാരണം മണിരത്നമാണെന്നും വേദിയിൽ സായ് പല്ലവി പറഞ്ഞു.
നടൻ ശിവകാർത്തികേയനെയും മണിരത്നം പുകഴ്ത്തിയിരുന്നു. ചിലർ വന്നതും വലിയ ഹീറോസ് ആയി മാറും. ചിലർ മാത്രമേ പടി പടിയായി വളരുകയുള്ളൂ. എസ് കെ അതുപോലെയാണ് വന്നത്. നിങ്ങൾ എന്നെപ്പോലെയാണ് ശിവ. നിങ്ങൾ പലർക്കും ഒരു പ്രചോദനവുമാണ് എന്നാണ് ശിവകാർത്തികേയനെക്കുറിച്ച് മണിരത്നം പറഞ്ഞത്. ഓഡിയോ ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മണിരത്നം.
ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ. ചിത്രം ഒക്ടോബർ 31 ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഈ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്.
മേജർ മുകുന്ദ് വരദരാജനാകാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കമൽഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം.
Content Highlights: Manirathnam praises sai pallavi during amaran audio launch