ടർബോ ജോസിന്റെ വമ്പൻ പ്രകടനത്തിന് ശേഷം മമ്മൂട്ടി ആരാധകർ കണ്ണും നട്ടിരിക്കുന്നത് 'ബസൂക്ക'യ്ക്ക് വേണ്ടിയാണ്. എന്നാൽ ആ കാത്തിരിപ്പ് കുറച്ച് നീണ്ടേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ബസൂക്കയുടെ റിലീസ് 2025 മധ്യഭാഗത്തേക്ക് നീട്ടിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി കൂടുതൽ സമയം എടുക്കുന്നതിനാലാണ് റിലീസ് നീട്ടിയിരിക്കുന്നത്. അണിയറപ്രവർത്തകർ കുറച്ച് ഭാഗങ്ങൾ റീഷൂട്ട് ചെയ്യാൻ പദ്ധതിയിടുന്നുവെന്നും സൂചനകളുണ്ട്. 2025 മെയ് അവസാനമോ ജൂൺ ആദ്യമോ ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് സൂചന.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.
സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Content Highlights: Reports that Mammootty's Bazooka not to release any soon