ഷാരൂഖ് ഖാനെ നായകനാക്കി രാഹുൽ ധോലാകിയ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 'റയീസ്'. ചിത്രത്തിൽ പാട്ടുകളൊന്നും വേണ്ടെന്ന തന്റെ തീരുമാനത്തെ എതിർത്ത് കൊണ്ട് ഷാരൂഖും നിർമാതാവ് റിതേഷ് സിധ്വാനിയും രംഗത്തെത്തിയ കഥ ഓർമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകനായ രാഹുൽ ധോലാകിയ.
'റയീസിൽ പാട്ടുകളൊന്നും വേണ്ടെന്നായിരുന്നു എന്റെ തീരുമാനം. പക്ഷെ ഷാരൂഖ് ഖാനും നിർമാതാവ് റിതേഷ് സിധ്വാനിയും അതിനോട് യോജിച്ചില്ല. എൻ്റെ സിനിമയിലെ പാട്ടുകൾ എനിക്കൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന് ഒരു അർത്ഥമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. റയീസിലും പാട്ട് വേണ്ട എന്ന രീതിയിലാണ് ഞാൻ തിരക്കഥ എഴുതിയത്. പാട്ടുകൾ വേണ്ടെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ സിനിമ ഒരു ദിവസം പോലും തിയേറ്ററിൽ നിലനിൽക്കില്ല എന്നാണ് അവർ പറഞ്ഞത്. ഞാൻ വീണ്ടും പാട്ടുകൾക്ക് സിനിമയുമായി എന്താണ് ബന്ധം എന്ന് ചോദിച്ചപ്പോൾ കൊമേർഷ്യൽ സിനിമയിൽ നിങ്ങൾ പുതിയ ആളാണ് എന്നാണ് ഷാരൂഖും റിതേഷും പറഞ്ഞത്', രാഹുൽ ധോലാകിയ പറഞ്ഞു.
മുഹമ്മദ് സീഷാൻ അയ്യൂബ്, നവാസുദ്ദീൻ സിദ്ദിഖി, മഹീറ ഖാൻ എന്നിവരാണ് ഷാരൂഖ് നായകനായ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 2017 ജനുവരി 25 ന് പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടാൻ സിനിമക്കായി. റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് എക്സൽ എൻ്റർടെയ്ൻമെൻ്റ് എന്നിവയുടെ ബാനറിൽ റിതേഷ് സിധ്വാനി, ഫർഹാൻ അക്തർ, ഗൗരി ഖാൻ എന്നിവരായിരുന്നു ചിത്രം നിർമിച്ചത്.
Content Highlights: Shahrukh Khan and ritesh sidwani made me include song in raees says rahul dholakia