വിജയ് സേതുപതിയെ നായകനാക്കി നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് 'മഹാരാജ'. നിരവധി നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. നടൻ വിജയ് നിതിലൻ സ്വാമിനാഥനെ കാണുകയും ചിത്രത്തിന്റെ വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിജയ് സാറിനെപ്പോലെ ഒരു കൊമേർഷ്യൽ ഹീറോ മഹാരാജയെ പറ്റി വളരെ ഡീറ്റൈൽഡ് ആയി സംസാരിക്കുന്നത് കണ്ടപ്പോൾ ആശ്ചര്യം തോന്നിയെന്ന് നിതിലൻ സ്വാമിനാഥൻ ഗലാട്ടക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സിങ്കം പുലി അവതരിപ്പിച്ച കഥാപാത്രത്തെപ്പറ്റി വളരെ ഡീറ്റൈൽഡ് ആയി വിജയ് സാർ സംസാരിച്ചു. സിനിമയിലെ മകൾ കഥാപാത്രത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അദ്ദേഹവുമായി സംസാരിച്ചതിൽ കൂടുതൽ സമയവും മഹാരാജ ആയിരുന്നു വിഷയം. സിനിമ കണ്ട് എന്നെ അദ്ദേഹം നേരിട്ട് വിളിച്ചത് തന്നെ വലിയ സന്തോഷം', നിതിലൻ സ്വാമിനാഥൻ പറഞ്ഞു.
അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, അഭിരാമി, നടരാജൻ സുബ്രമണ്യം, ദിവ്യ ഭാരതി, സിങ്കം പുലി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചിരുന്നു. ഒടിടി റിലീസിന് ശേഷവും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്. നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ചിത്രമായി 'മഹാരാജ' മാറിയിരുന്നു.18.6 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന് ലഭിച്ചത്. ഷാരൂഖ് ഖാൻറെയും ഹൃത്വിക് റോഷന്റേയും ചിത്രങ്ങളെ മറികടന്നാണ് മഹാരാജ ഒന്നാമത് എത്തിയത്.
പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രത്തിന്റെ നിർമ്മാണം. കേരളത്തിൽ നിന്ന് മാത്രം 8 കോടി രൂപയാണ് ചിത്രം നേടിയത്.
Content Highlights: Vijay Sir picked every details from maharaja says nithilan swaminathan