ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കൈതി 2. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എൽ സി യു എന്നറിയപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ച ചിത്രം കൂടിയായിരുന്നു. എൽസിയുവിലെ രണ്ടാമത്തെ ചിത്രമായ വിക്രത്തിൽ കാർത്തിയുടെ സഹോദരനും നടനുമായ സൂര്യയും അഭിനയിച്ചിരുന്നു. റോളക്സ് എന്ന കഥാപാത്രമായിട്ടായിരുന്നു സൂര്യ വിക്രം സിനിമയിൽ എത്തിയത്.
ഇപ്പോളിതാ കൈതി 2 വിൽ റോളക്സ് ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സൂര്യ. തന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രൊമോഷന്റെ ഭാഗമായി പിങ്ക്വില്ല നടത്തിയ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോളക്സ് കൈതി 2 വിൽ ഉണ്ടാവുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണണം എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം, റോളക്സ് എന്ന കഥാപാത്രം ഇത്രയധികം ആളുകൾ ഏറ്റെടുക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നാണ് സൂര്യ പറയുന്നത്.
ഒരു പകുതി ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു റോളക്സിന്റേത്. റോളക്സിന് ഒരു സ്റ്റാൻഡ് എലോൺ സിനിമയുണ്ടാവുന്നതിനെ കുറിച്ച് ലോകേഷ് കനകരാജും താനും ചർച്ച ചെയ്തിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നെന്നും സൂര്യ പറഞ്ഞു.
നിലവിൽ തങ്ങൾ ഇരുവർക്കും ചില പ്രോജക്ടുകള്‍ ചെയ്യാനുണ്ട്. പക്ഷേ റോളക്സ് മാത്രമല്ല നിലവിലുളള ചർച്ചയെന്നും സൂര്യ വെളിപ്പെടുത്തി. ഇരുമ്പുകൈ മായാവി എന്ന ചിത്രത്തിന് വേണ്ടിയും ചർച്ചകൾ നടക്കുന്നതായിട്ടാണ് സൂര്യ പറഞ്ഞത്. ഇതിൽ ഏതാണ് സംഭവിക്കുകയെന്ന് കാലം ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൂര്യ നായകനായ കങ്കുവ നവംബർ 14 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ബോബി ഡിയോൾ, ദിഷാ പഠാണി എന്നിവർ മറ്റു പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തെെ ശിവയാണ്.
Content Highlights: Suriya gives update on Kaithi 2 movie and Rolex character