നിരവധി സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ് ഇംതിയാസ് അലി സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായി എത്തിയ റോക്‌സ്‌റ്റാർ. ചിത്രത്തിലെ എആർ റഹ്മാൻ കമ്പോസ് ചെയ്ത 'കുൻ ഫയ കുൻ' എന്ന ഗാനം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇന്ന് ലോകത്ത് അങ്ങോളമിങ്ങോളമുള്ള സംഗീത പ്രേമികളുടെ പ്രിയഗാനമാണ് കുൻ ഫയ കുൻ. ഈ ഗാനം ഉണ്ടായതിന് പിന്നിലെ കഥ വിവരിച്ച് എ ആർ റഹ്മാൻ. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് ഗാനത്തിന്റെ പിന്നിലെ കഥ എ ആർ റഹ്‌മാൻ പറഞ്ഞത്.
'റോക്‌സ്‌റ്റാറി'ന്റെ മ്യൂസിക്ക് കോമ്പോസിഷനായി ജാവേദ് അലിയും മധുശ്രീക്കും ഒപ്പം ഞങ്ങൾ സ്റ്റുഡിയോയിലിരുന്നു ചില ഈണങ്ങൾ പാടി നോക്കി റെക്കോർഡ് ചെയ്യുകയായിരുന്നു. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് 'കുൻ ഫയ കുൻ' എന്ന പാട്ടിന്റെ ട്യൂൺ വരുന്നത്. പാട്ടിന്റെ മറ്റൊരു രീതിയിലുള്ള ട്യൂണാണ് ആദ്യം അന്നുണ്ടാക്കിയതെന്ന് എആർ റഹ്മാൻ പറഞ്ഞു. പിന്നീട് ഗാനത്തിന്റെ രാഗം ഭൈരവി ആകാമെന്ന് നിശ്ചയിച്ചു. ഈണത്തിൽ ശ്രുതിഭേദം വരുത്തി സിന്ധു ഭൈരവി രാഗം കൂടെ പാട്ടിന്റെ ഭാഗമാക്കി. അങ്ങനെ പാട്ട് നന്നായി തോന്നി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കേട്ട് പാട്ട് ഉറപ്പിക്കുകയായിരുന്നു.' എആർ റഹ്മാൻ പറഞ്ഞു.
'റോക്ക്സ്റ്റാറിനായി ഇംതിയാസ് അലിയെ ആദ്യമായി കണ്ടപ്പോൾ ഗാനങ്ങൾക്ക് ഒറ്റ വാക്കിൽ വിവരണം തരാനാണ് ഞാൻ പറഞ്ഞത്. സദ്ദ ഹക്ക്, കുൻ ഫയ കുൻ എന്നൊക്കെയുള്ള വാക്കുകളാണ് അന്ന് അവർ പറഞ്ഞത്. വിശുദ്ധ ഖുറാനിന്റെ എസൻസ് മുഴുവൻ അടങ്ങിയ വാക്കുകളാണ് അവ. അതുകൊണ്ട് ആ വാക്കുകൾ ദുരൂപയോഗം ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. ഗാനങ്ങൾക്കായി ജാവേദ് അലിയെ പോലെയുള്ള പാട്ടുകാരോടൊപ്പം ഇരിക്കുന്നത് വലിയ രീതിയിൽ നമുക്ക് ഗുണം ചെയ്യും. അവർക്ക് പാടാൻ രസകരമായ എന്തെങ്കിലും ഒന്ന് കൊടുക്കണം എന്ന് തോന്നും', എ ആർ റഹ്മാൻ പറഞ്ഞു.
ഇംതിയാസ് അലി തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിൽ നർഗീസ് ഫക്രി, അദിതി റാവു ഹൈദരി, കുമുദ് മിശ്ര, ഷമ്മി കപൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ ഒരു കൾട്ട് ഫോളോയിങ് ഉണ്ട്. ചിത്രം റീ റിലീസ് ചെയ്തപ്പോഴും മികച്ച കളക്ഷനാണ് നേടിയത്.
Content Highlights: ar rahman talks about how kun faya kun was made