തെലുങ്ക് നടന്മാരായ പ്രഭാസ്, അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാംചരൺ എന്നിവരെ പ്രശംസിച്ച് ദുൽഖർ സൽമാൻ. കൽക്കിയിലെ പ്രഭാസിനെ കാണുമ്പോൾ അദ്ദേഹം എടുത്ത പരിശ്രമം നമുക്ക് മനസ്സിലാകും. ഇതുവരെ ഉള്ള എല്ലാ സിനിമകളിലും അദ്ദേഹമെടുത്ത പരിശ്രമമാണ് കൽക്കിയിൽ പ്രതിഫലിച്ചത്. രംഗസ്ഥലത്തിലെ രാംചരണിന്റെ അഭിനയം എനിക്ക് വളരെയധികം ഇഷ്ടമായെന്നും ലക്കി ഭാസ്കർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
'അല്ലു അർജുൻ പുഷ്പ ചെയ്യുന്നത് കാണുമ്പോൾ വളരെ ഒറിജിനൽ ആയി ആണ് അനുഭവപ്പെടുന്നത്. രംഗസ്ഥലത്തിലെ രാംചരണിന്റെ അഭിനയം എനിക്ക് വളരെയധികം ഇഷ്ടമായി. ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സീനുകൾ ആ സിനിമയിലുണ്ട്. ജൂനിയർ എൻടിആറിന്റെ എനർജി കാണുമ്പോൾ അദ്ദേഹത്തിന് എല്ലാം ചെയ്യാൻ പറ്റുമെന്നാണ് തോന്നുന്നത്', ദുൽഖർ സൽമാൻ പറഞ്ഞു.
സ്ക്രിപ്റ്റ് ഒരുതവണ വായിക്കുമ്പോൾ തന്നെ മനഃപാഠമാക്കുന്ന താരങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഡാൻസ് സ്റ്റെപ്പുകൾ മനസിലാക്കുന്ന താരങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഞാൻ ഡാൻസ് ചെയ്യാൻ കഷ്ടപ്പെടാറുണ്ട്. ഒരു പാട്ടിൽ ഡാൻസ് ഇല്ല വെറുതെ ഒരിടത്ത് നിന്നാൽ മതിയെന്ന് പറഞ്ഞാൽ ഞാൻ വളരെ ഹാപ്പിയാകും എന്നും ദുൽഖർ സൽമാൻ പറഞ്ഞു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറാണ് ഉടൻ പുറത്തിറങ്ങാനുള്ള ദുൽഖർ ചിത്രം. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്. സെൽവമണി സെൽവരാജ് ഒരുക്കുന്ന 'കാന്ത' എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. റാണ ദഗ്ഗുബതി ആണ് ചിത്രം നിർമിക്കുന്നത്. ഒരു പീരീഡ് സിനിമയായി ഒരുങ്ങുന്ന കാന്തയുടെ കഥ നടക്കുന്നത് 1950 കളിലാണ്.
Content Highlights: Dulquer praises prabhas, ramcharan, allu arjun and jr ntr