സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമാണ് കങ്കുവ. ആദ്യം ഒക്ടോബർ 10 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രജനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസിനെത്തുടർന്ന് ചിത്രം നവംബറിലേക്ക് മാറ്റി വച്ചു. വേട്ടയ്യൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ 'കങ്കുവ' റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നു. ഈഗോ ഇല്ലാതെ എല്ലാവരുമായി ആലോചിച്ചാണ് റിലീസ് തീയതി മാറ്റിവച്ചതെന്ന് കുമുദത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.
ഒരുപാട് തുക നമ്മൾ കങ്കുവക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. 3 ഭാഷകളിലായി ഇറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. 'വേട്ടയ്യൻ' റിലീസ് തീയതി 10ന് നിശ്ചയിക്കുമെന്ന് കരുതിയല്ല തങ്ങൾ റിലീസ് ആലോചിച്ചതെന്നും കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു. എല്ലാവരോടും സംസാരിച്ച് അടുത്ത നല്ല തീയതി തിരഞ്ഞെടുക്കുക എന്നത് മാത്രമായിരുന്നു തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നതെന്നും കെ ഇ ജ്ഞാനവേൽ രാജ മനസുതുറന്നു.
'കഠിനമായ എന്ത് തീരുമാനങ്ങൾ എടുക്കുമ്പോഴും അതിന് രണ്ട് തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുക. ഒരു വിഭാഗം അതിനെ അംഗീകരിക്കും. അതിന് വിപരീതമായി ചിന്തിക്കുന്നവരും ഉണ്ടാകും. എന്ത് പ്രതിസന്ധിയെയും നേരിട്ട് പോരാടണം എന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ ഒരു സിനിമയുടെ കാര്യത്തിൽ അതൊരു നല്ല കാര്യമായി തോന്നുന്നില്ല. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് ആലോചിക്കേണ്ട കാര്യം', കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.
സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് കങ്കുവ. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.
രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്. ചിത്രത്തിലെ ഫ്ലാഷ്ബാക്ക് ഭാഗത്തുള്ള സൂര്യയുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ ആദ്യമേ പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുതിയ കാലഘട്ടത്തിലെ ലുക്കും കൂടി പുറത്തുവിട്ടതോടെ ആരാധകർ അത് ആഘോഷമാക്കിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാണിയാണ്.
Content Highlights: K E Gnanavel Raja talks about postponding Kanguva due to vettaiyan