കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'മെയ്യഴകൻ' എന്ന ചിത്രം ഒടിടി റിലീസിന്. ഈ മാസം 25 മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും. '96' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം പ്രേംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്യഴകൻ.
സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിലെ പ്രദർശനത്തിന് ശേഷം 2 മണിക്കൂർ 57 മിനിറ്റുള്ള ചിത്രത്തിൻ്റെ ദൈർഘ്യം ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് ട്രിം ചെയ്തിരുന്നു. ഏകദേശം 18 മിനിറ്റോളം ആണ് ചിത്രത്തിന്റെ ദൈർഘ്യം വെട്ടിക്കുറച്ചത്. ഈ രംഗങ്ങൾ പിന്നീട് യൂട്യൂബിലൂടെ പുറത്തുവിടുകയും ചെയ്തു.
ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 96 എന്ന ചിത്രത്തിന്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെയും സംഗീതം.
Content Highlights: Meiyazhagan to release soon in OTT