'ഹെലികോപ്റ്റർ വരുമെന്ന് പറഞ്ഞു… വന്നു'; ചിരിപ്പിച്ച് പൃഥ്വി, ഇനി ‘പറക്കും തളിക ആകാം' എന്ന് ടൊവിനോ

ആരാധകരും സിനിമാതാരങ്ങളും ഈ പുതിയ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു

dot image

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുടേതായി പുറത്തിറങ്ങുന്ന അപ്ഡേറ്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വി പങ്കുവെച്ച രസകരമായ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും?' എന്ന അടിക്കുറിപ്പോടെ കൈകൂപ്പി ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. നടന്റെ പിറന്നാൾ ദിനത്തിന് ആന്റണി പെരുമ്പാവൂർ ആശംസകള്‍ നേർന്നപ്പോൾ പൃഥ്വി തമാശ രൂപേണ ഹെലികോപ്റ്റർ ആവശ്യപ്പെട്ടത് വലിയ ഹിറ്റായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പുതിയ പോസ്റ്റ്.

ആരാധകരും സിനിമാതാരങ്ങളും ഈ പുതിയ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. ‘ഇനി ഒരു പറക്കും തളിക ആകാം’ എന്നായിരുന്നു നടൻ ടൊവിനോ തോമസിന്റെ കമന്റ്.

അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. ചിത്രം ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നാണ് സൂചനകൾ.

ലൂസിഫറിലെ താരങ്ങൾക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. നേരത്തെ പൃഥ്വിരാജിന്‍റെ ജന്മദിനത്തിൽ, സയിദ് മസൂദായുള്ള നടന്‍റെ ചിത്രം പുറത്തുവിട്ടിരുന്നു. ചിത്രം 2025 മാർച്ചിൽ തിയേറ്ററുകളിൽ എത്താനാണ് സാധ്യത.

Content Highlights: Prithviraj shares funny post regarding Empuraan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us