രജനികാന്ത് നായകനായെത്തിയ പുതിയ ചിത്രമാണ് വേട്ടയ്യൻ. വലിയ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമ ബോക്സ്ഓഫീസിൽ തണുപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ നവംബർ ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമാ നിർമ്മാതാക്കൾക്ക് നഷ്ടമാണെന്നും അത് നികത്തുന്നതിനായി ലൈക്ക രജനികാന്തിന് മുന്നിൽ പുതിയ നിബന്ധന വെച്ചതായും റിപ്പോർട്ടുകളുണ്ട്.
വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്താന്‍ തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. നടനൊപ്പം ചെയ്ത മുൻ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, ഈ അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ രജനികാന്തിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.
Content Highlights: Reports that Rajinikanth movie Vettaiyan to stream soon in OTT