നടൻ സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയി സംഘം ഉയർത്തുന്ന വധഭീഷണികൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി സൽമാൻ ഖാന്റെ അഭിമുഖം. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ടുഡെ ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.
ബിഷ്‌ണോയി സമുദായം പവിത്രമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്നതാണ് സൽമാൻ ഖാന് എതിരായ ആരോപണം. 1998-ൽ സൽമാനും സഹതാരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്രെ എന്നിവരും രാജസ്ഥാനിൽ ഹം സാത്ത്-സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ആരോപണം.
സംഭവത്തിൽ 2018 ൽ സൽമാൻ ഖാൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. എന്നാൽ കൃഷ്ണമൃഗത്തെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് സൽമാൻ ഖാൻ പറയുന്നത്. കൃഷ്ണമൃഗത്തെ വെടിവച്ചത് താനല്ലെന്നും സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സൽമാന് ഖാൻ പറഞ്ഞിരുന്നു. 2008 ലാണ് ഇന്ത്യ ടുഡെയ്ക്ക് സൽമാൻ ഈ അഭിമുഖം നൽകിയിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയില്ലെന്നും താൻ കൃഷ്ണമൃഗത്തെ കൊന്നുവെന്ന് എല്ലാവരും തെറ്റായി വിശ്വസിക്കുന്നുവെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ കുറിച്ച് ഇന്ത്യ ടിവിയിൽ ആപ് കീ അദാലത്ത് എന്ന പരിപാടിയിൽ സൽമാൻ ഖാൻ പറഞ്ഞ കാര്യങ്ങളും ചർച്ചയാവുന്നുണ്ട്.
അതേസമയം വധഭീഷണി നേരിടുന്ന സൽമാൻ ഖാന്റെ സുരക്ഷ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. സൽമാന്റെ സുഹൃത്തും രാഷ്ട്രീയനേതാവുമായിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു.
കൂടുതൽ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ വിലമതിക്കുന്ന ഒരു ബുള്ളറ്റ് പ്രൂഫ് കാർ താരം വാങ്ങിയതായും റിപ്പോർട്ടുണ്ട്. എന്നാൽ നേരത്തെ കരാർ ഉറപ്പിച്ച ബിഗ് ബോസിന്റെയും പുതിയ ചിത്രമായ സിക്കന്ദറിന്റെയും ചിത്രീകരണത്തിനായി സൽമാൻ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിന്റെ ചിത്രീകരണം മുംബൈയിലാണ് നടക്കുന്നത്.
Content Highlights: Salman Khan Blackbuck Case old video goes Viral in Social Media