രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്റെ പുതിയ ചിത്രമായ സിങ്കം എഗെയ്നിൽ നിന്ന് സൽമാൻ ഖാന്റെ കാമിയോ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാൽ ആ വാർത്തകൾ തെറ്റാണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ ഭാഗങ്ങൾ ഇന്ന് മുംബൈയിൽ വെച്ച് ചിത്രീകരിക്കുമെന്ന് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് ഷെട്ടി ഈ അടുത്ത് സൽമാനെ സന്ദർശിച്ചിരുന്നെന്നും കാമിയോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഹിത്തും അജയ് ദേവ്ഗണും തന്റെ സഹോദരന്മാരെ പോലെയാണെന്നും ആ കാരണത്താൽ താൻ കാമിയോ ചെയ്യുമെന്നുമാണ് സൽമാന്റെ നിലപാട് എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ ഗോള്ഡന് ടൊബാക്കോയില് ഒറ്റ ദിവസത്തെ ചിത്രീകരണമാണ് സൽമാനായി ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ദബാംഗ് എന്ന ചിത്രത്തിലെ ചുൽബുൽ പാണ്ഡെ എന്ന ഹിറ്റ് കഥാപാത്രമായാണ് നടൻ സിനിമയിലെത്തുക. സിങ്കം എഗെയ്നിൽ ചെറിയ വേഷത്തിലെത്തുന്ന ചുൽബുൽ പാണ്ഡെ കോപ്പ് യൂണിവേഴ്സിലെ അടുത്ത സിനിമകളിൽ പ്രധാന വേഷത്തിലെത്തുമെന്നും സൂചനകളുണ്ട്.
അതേസമയം ദീപാവലി റിലീസായി സിങ്കം എഗെയ്ൻ നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. കോപ്പ് യൂണിവേഴ്സിലെ ഏറ്റവും വലിയ ചിത്രമായി ആണ് സിങ്കം എഗെയ്ൻ ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്. അദ്ദേഹത്തിനൊപ്പം കരീന കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്റോഫ് തുടങ്ങിയ ബോളിവുഡ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Salman Khan will do cameo role in Singham Again inspite of Lawrence Bishnoi issues