ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ 'സിങ്കം എഗെയ്നി'ൽ സൽമാൻ ഖാൻ കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾക്ക് വലിയ സ്വീകാര്യതാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. എന്നാൽ സൽമാനെതിരെ ലോറന്‍സ് ബിഷ്ണോയ്യുടെ സംഘത്തില്‍ നിന്നുള്ള വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്റെ കാമിയോ വേഷം സിനിമയിൽ നിന്ന് ഒഴിവാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
മുംബൈ ഗോള്‍ഡന്‍ ടൊബാക്കോയില്‍ ഒറ്റ ദിവസത്തെ ചിത്രീകരണമായിരുന്നു സൽമാന് വേണ്ടി ഒരുക്കിയത്. ഒക്ടോബര്‍ 14 നായിരുന്നു ഈ ഷൂട്ട് നടക്കേണ്ടിയിരുന്നത്. എന്നാൽ ഒക്ടോബര്‍ 12 ന് ബാബ സിദ്ദിഖി കൊല്ലപ്പെട്ടതോടെ രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും ചേര്‍ന്ന് സൽമാന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നത് നിർത്തിവെക്കുകയായിരുന്നു. ചിത്രം സെന്‍സറിംഗിനായി ഒക്ടോബര്‍ 18 ന് സമര്പ്പിക്കേണ്ടിയിരുന്നതിനാല് ഈ രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കാനും അണിയറപ്രവർത്തകർ തീരുമാനമെടുത്തതായാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദബാംഗ് എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായ ചുൽബുൽ പാണ്ഡെയായിട്ടായിരുന്നു സൽമാൻ സിനിമയിൽ എത്തേണ്ടിയിരുന്നത്.
അതേസമയം ദീപാവലി റിലീസായി സിങ്കം എഗെയ്ൻ നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. കോപ്പ് യൂണിവേഴ്സിലെ ഏറ്റവും വലിയ ചിത്രമായി ആണ് സിങ്കം എഗെയ്ൻ ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്. അദ്ദേഹത്തിനൊപ്പം കരീന കപൂർ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്റോഫ് തുടങ്ങിയ ബോളിവുഡ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Salman Khan’s Chulbul Pandey cameo in Singham Again cancelled due to safety concerns