പാ രഞ്ജിത്ത് സംവിധാനം ചെയ്ത വിക്രം ചിത്രം തങ്കലാന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി. വൈഷ്ണവ വിഭാഗത്തോട് അനാദരവ് കാണിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോർക്കൊടി എന്ന വ്യക്തി നൽകിയ ഹർജിയെ തുടർന്നായിരുന്നു താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കേസിൽ വാദം കേട്ട കോടതി ഒടിടി റിലീസ് തടയണമെന്ന ഹർജി തള്ളുകയായിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാമെന്നും അതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രം ഇതിനോടകം സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തി തിയേറ്ററുകളിൽ റിലീസ് ചെയ്തതിനാൽ ഒടിടി റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 15 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിലക്ക് നീങ്ങിയതോടെ ദീപാവലിയോട് അനുബന്ധിച്ച് തങ്കലാൻ വിവിധ ഒടിടികളില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ചിയാൻ വിക്രം, പാർവതി തിരുവോത്ത് , മാളവിക മോഹനൻ, പശുപതി, ഹരി കൃഷ്ണൻ, ഡാനിയേൽ കാൽടാഗിറോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സെപ്റ്റംബർ 20 നായിരുന്നു ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ ഹർജി വന്നതോടെ റിലീസ് നീളുകയായിരുന്നു. കോലാർ സ്വർണഖനിയുമായി ബന്ധപ്പെട്ട ചരിത്രത്തിൽ നിന്നായിരുന്നു തങ്കലാൻ ചിത്രം ഒരുക്കിയത്.
ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടിയോളം രൂപ നേടിയ തങ്കലാന് സംഗീതം പകർന്നത് ജി വി പ്രകാശ് കുമാർ ആയിരുന്നു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും തങ്കലാൻ റിലീസ് ചെയ്തിരുന്നു.
Content Highlights: Thangalaan OTT release : Madras High Court dismisses ban appeal