ഗുസ്തിതാരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫോഗട്ടിന്റെയും അവരുടെ അച്ഛനായ മഹാവീര്‍ ഫോഗട്ടിന്റെയും ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു ദംഗൽ. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ചിത്രം വെറും 70 കോടി മുതല്‍ മുടക്കില്‍ ഒരുക്കി 2000 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. എന്നാൽ ചിത്രത്തിൽ നിന്ന് തങ്ങളുടെ കുടുംബത്തിന് ലഭിച്ചത് വെറും കോടി മാത്രമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഗുസ്തിതാരവും ബി.ജെ.പി. നേതാവുമായ ബബിത ഫോഗട്ട്. ന്യൂസ് 24 ന് നൽകിയ അഭിമുഖത്തിലാണ് ബബിതയുടെ തുറന്നുപറച്ചിൽ.
കഥയുടെ റൈറ്റ്സിൻ്റെ ഫീസ് അവർ കഥ എഴുതുന്നതിന് വളരെ മുമ്പേ തീരുമാനിച്ചിരുന്നു, അത് സിനിമയുടെ മൊത്തം വരുമാനത്തിൻ്റെ 1% പോലും ആയിരുന്നില്ലെന്നും ബബിത ഫോഗട്ട് പറഞ്ഞു. സിനിമയുടെ വിജയത്തിന് ശേഷം, തന്റെ അച്ഛൻ ആമിറിൻ്റെ ടീമുമായി സംസാരിക്കുകയും ഗുസ്തിക്കാർക്കായി ഹരിയാനയിൽ ഒരു അക്കാദമി തുറക്കാൻ തങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു നല്ല അക്കാദമി തുറക്കാൻ ഏകദേശം 5-6 കോടി രൂപ വേണ്ടിവരുമായിരുന്നു. പക്ഷേ അത് അവർ അവഗണിച്ചെന്നും ബബിത ഫോഗട്ട് പറഞ്ഞു.
സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബബിത.
മുഴുവൻ കഥയും എഴുതിയ ശേഷം, സിനിമയിൽ നിന്ന് എൻ്റെ പേര് ഒഴിവാക്കാനുള്ള ചർച്ച പോലും അവർ നടത്തിയിരുന്നു. ആമിർ ഖാൻ്റെ ടീം ഞങ്ങളെ വിളിച്ച് കഥാപാത്രങ്ങളുടെ പേര് മാറ്റണമെന്ന് പറഞ്ഞു. എന്നാൽ എന്റെ അച്ഛൻ അതിന് സമ്മതിച്ചില്ല. നിങ്ങൾക്ക് സിനിമ ചെയ്യണമെങ്കിൽ അത് ഞങ്ങളുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചായിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. ബബിത അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.
നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആമിർ ഖാൻ, കിരൺ റാവു, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ്. സാക്ഷി തൻവാർ, ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര, അപർശക്തി ഖുറാന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
Content Highlights: babita phogat makes huge revelations against dangal team