മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ നടിയാണ് നിത്യ മേനൻ. ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‍കാരം നിത്യ സ്വന്തമാക്കിയിരുന്നു.
എന്നാൽ കരിയറിലെ തുടക്കത്തിൽ നിരവധി ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നിത്യ മേനോൻ. ഇന്ത്യ ടു ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'ഞാൻ എന്റെ ആദ്യത്തെ തെലുങ്ക് സിനിമ ചെയ്യുന്ന സമയം, നിങ്ങളുടെ മുടി വളരെ വിചിത്രമാണ് എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. ഇന്നത്തെ പോലെ എല്ലാവർക്കും ചുരുണ്ട മുടി ഇഷ്ടമായിരുന്ന കാലഘട്ടമല്ലായിരുന്നു അത്. നിങ്ങൾക്ക് പൊക്കം കൂടുതലാണെന്നും കുറവാണെന്നും തടിച്ചിട്ടാണെന്നും പുരികങ്ങള്‍ വലുതാണെന്നുമെല്ലാം അവർ പറഞ്ഞിട്ടുണ്ട്.
പക്ഷേ എനിക്ക് മറ്റ് ചോയിസുകളുണ്ടായിരുന്നില്ല. എനിക്ക് ഞാൻ അല്ലാതെ മറ്റാരും ആകാൻ സാധിക്കുമായിരുന്നില്ല. നിങ്ങൾക്ക് ഇങ്ങനെയുള്ള എന്നെ മതിയെങ്കില്‍ സ്വീകരിച്ചാൽ മതിയെന്നാണ് അന്ന് ഞാൻ ചിന്തിച്ചത്. നിങ്ങൾക്ക് സ്വയമേ മാറ്റാൻ സാധിക്കാത്ത നിങ്ങളുടെ രൂപത്തെക്കുറിച്ചാണ് ആളുകൾ നിങ്ങളെ വിമർശിക്കുന്നത്.
ഒരാളുടെ രൂപം അടിസ്ഥാനമാക്കി അയാളെ എങ്ങനെയാണ് നിങ്ങൾക്ക് വിമർശിക്കാൻ കഴിയുക.
അവർക്ക് മാറ്റാൻ സാധിക്കുന്ന ഒരു കാര്യമല്ല അത്. വളരെ താഴ്ന്ന തരത്തിലുള്ള ചിന്താഗതിയാണ് അത്. അതെന്നെ ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും അതെന്നെ ബാധിക്കാറുണ്ട്. നിങ്ങൾക്ക് ഹൃദയവും വികാരങ്ങളുമൊക്കെയുണ്ടെങ്കിൽ അത് നിങ്ങളെ ബാധിക്കും.
എന്നാൽ അങ്ങനെ അത് ബാധിച്ചാൽ മാത്രമേ അത് മറികടന്ന് നിങ്ങൾ വളരുകയുള്ളൂ. ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് ഇത്. നിങ്ങളൊരു വെല്ലിവിളിയിൽ നിൽക്കുകയാണെങ്കിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് കരുതണം. നിങ്ങൾക്കെതിരെ വരുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് മികച്ചൊരു മനുഷ്യനാവാൻ ശ്രമിക്കണം,' നിത്യ പറഞ്ഞു.
ധനുഷ് നായകനാവുന്ന ഇഡ്‌ലി കടൈ എന്ന ചിത്രത്തിലാണ് നിത്യ മേനൻ ഇനി വേഷമിടുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിലെ നായകനും. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇഡ്‌ലി കടൈ.
Content Highlights: Nithya Menen shares her experience of facing body shaming comments from film industry