ബോക്സ് ഓഫീസിൽ മാത്രമല്ല ജനപ്രീതിയിലും മുന്നിലാണ് ദളപതി വിജയ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ജനപ്രീതിയിൽ മുന്നിലുള്ള നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് ദളപതി വിജയ് കൈയ്യടക്കിയിരിക്കുന്നത്. ഓർമാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ മാസത്തെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രഭാസും ഷാരൂഖ് ഖാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള താരങ്ങൾ. ആദ്യ പത്തിൽ ഒരു മലയാളി നടൻ പോലുമില്ല. തമിഴകത്തിന്റെ പ്രിയനടൻ തല അജിത്കുമാർ നാലാം സ്ഥാനത്താണ്. ദേവര എന്ന വിജയ ചിത്രത്തിലൂടെ അഞ്ചാം സ്ഥാനം നേടാൻ ജൂനിയർ എൻടിആറിനായി. അല്ലു അർജുൻ ആറാം സ്ഥാനം സ്വന്തമാക്കിയപ്പോൾ മഹേഷ് ബാബു ഏഴാം സ്ഥാനത്താണ്.
അക്ഷയ് കുമാർ, രാംചരൺ, സൽമാൻ ഖാൻ എന്നിവരാണ് പട്ടികയിൽ എട്ടും ഒൻപതും പത്തും സ്ഥാനത്തിലുള്ള അഭിനേതാക്കൾ. തുടർച്ചയായി ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുന്നതാണ് വിജയ്യെ ഒന്നാമതെത്തിച്ചത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്തു വിജയ് നായകനായി എത്തിയ ദി ഗോട്ട് സമ്മിശ്ര പ്രതികരണമായിട്ടും 450 കോടിയാണ് ബോക്സ് ഓഫിസിൽ നിന്നും സ്വന്തമാക്കിയത്. തുടർച്ചയായി 200 കോടി കടക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് ദി ഗോട്ട്.
ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമ വ്യവസായത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറിയ താരമാണ് രണ്ടാമതുള്ള പ്രഭാസ്. നാഗ് അശ്വിൻ ഒരുക്കി പ്രഭാസിന്റെ അവസാനമായി പുറത്തിറങ്ങിയ കൽക്കി 1000 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് വാരികൂട്ടിയത്.
പത്താൻ, ജവാൻ എന്നീ തുടർച്ചയായ രണ്ട് 1000 കോടി സിനിമയും ഡങ്കി എന്ന വിജയ ചിത്രവും ലിസ്റ്റിൽ മൂന്നാമതുള്ള ഷാരൂഖ് ഖാനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. സുജോയ് ഘോഷ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ കിങിലാണ് ഇനി ഷാരൂഖ് അഭിനയിക്കുക.
Content Highlights: vijay becomes india's most popular star beating srk