സജീവ രാഷ്ട്രീയത്തിലേക്ക് വിജയ് കടക്കാനൊരുങ്ങിയതോടെ ആരാധകർ നിരാശയിലാണ്. താൻ സിനിമാ അഭിനയം നിർത്തുകയാണെന്നും ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകനായിരിക്കുമെന്നുമായിരുന്നു വിജയ് പ്രഖ്യാപിച്ചത്. ഇതിനിടെ അണിയറയിൽ ഒരുങ്ങുന്ന ദളപതി 69 എന്ന ചിത്രമായിരിക്കും വിജയ് യുടെ അവസാന ചിത്രമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഒക്ടോബർ 27 നാണ് വിജയ് യുടെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുന്നത്. എന്നാൽ ആരാധകർ ആഘോഷിക്കാനുള്ള മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. വിജയ് യുടെ കടുത്ത ആരാധകനും സംവിധായകനുമായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് അതിഥി വേഷത്തിൽ എത്തുമെന്ന് ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴ് റിപ്പോർട്ട് ചെയ്യുന്നു.
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ വിജയ് യോട് പറഞ്ഞെന്നും ഇതിൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ വിജയ് സമ്മതിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ അറ്റ്‌ലി സംവിധാനം ചെയ്ത 'തെരി', 'മെർസൽ', 'ബിഗിൽ' എന്നീ ചിത്രങ്ങളിൽ വിജയ് നായകനായി എത്തിയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു.
അതേസമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണോ ഹിന്ദിയിലാണോയെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല. കമൽഹാസനെയും സൽമാൻഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' ആണ് അറ്റ്‌ലിയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. എച്ച് വിനോദ് ആണ് ദളപതി 69 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. ഒക്ടോബർ 27 ന് നടക്കുന്ന ആദ്യ കോൺഫ്രൻസിന് ശേഷമായിരിക്കും ദളപതി 69 ന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുക.
മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പുജ ഹെഗ്ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ.
Content Highlights: Reports says Vijay will appear in a cameo role in Atlee's Movie