പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന് തിരക്കുകളിലാണ് നടന് സൂര്യ. ചിത്രത്തെ കുറിച്ച് താരം പങ്കുവെക്കുന്ന പ്രതീക്ഷകളും ഷൂട്ടിങ് അനുഭവങ്ങളും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിൽ സൂര്യയ്ക്ക് എതിരാളിയായെത്തുന്നത് ബോളിവുഡിൽ മികച്ച വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ ബോബി ഡിയോളാണ്. സിനിമയുടെ ചിത്രീകരണ വേളയിൽ ബോബി ഡിയോളിനെ എതിരിടാൻ സ്വയം ധൈര്യം സംഭരിച്ചുവെന്നും ആത്മവിശ്വാസം ഉയർത്തിയെന്നും പറയുകയാണ് സൂര്യ. ബോബി ഡിയോളിന്റെ എതിരാളിയാകാനുള്ള ഉയരം തനിക്കില്ലെന്നും കങ്കുവ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
'ബോബി ഡിയോളമായി യുദ്ധം ചെയ്യാൻ ഞാൻ സ്വയം ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അദ്ദേഹത്തിന് മുന്നിൽ നിൽക്കാൻ ഞാൻ ധൈര്യം സംഭരിച്ചു. അദ്ദേഹത്തിന്റെ ശരീരപ്രകൃതവും മസിലും എല്ലാം നിങ്ങൾ കണ്ടില്ലേ. അദ്ദേഹത്തിന്റെ എതിരാളിയാകാനുള്ള ഉയരം എനിക്കില്ല. ഫൈറ്റ് ചെയ്യാനുള്ള കരുത്ത് സ്വയം ഉണ്ടാക്കുകയായിരുന്നു. ശാരീരികമായി അദ്ദേഹത്തിനെ നേരിടാൻ എനിക്ക് കഴിയില്ല എന്ന ബോധ്യത്തോടെയാണ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാലും ഷോർട്ടുകൾ എടുക്കുമ്പോൾ ആത്മവിശ്വാസം ഉണ്ടായിരുന്നു,' സൂര്യ പറഞ്ഞു.
എന്നാൽ തന്നെ നേരിടാൻ സൂര്യയ്ക്ക് പൊക്കത്തിന്റെ ആവശ്യം ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിനയം വളരെ ഉയരത്തിലാണെന്നും ബോബി ഡിയോൾ പ്രതികരിച്ചു. സൂര്യയുടെ അഭിനയം കണ്ട് താന്‍ വിസ്മയിച്ചിട്ടുണ്ടെന്നും സിനിമയിലെ ഫൈറ്റ് സീനുകൾ സൂര്യ മികച്ചതാക്കിയെന്നും ഡിയോൾ കൂട്ടിച്ചേർത്തു.
അതേസമയം, നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.
കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്.
Content Highlights: actor suriya said he don't have the height to be Bobby Deol's antagonist in Kanguva movie