രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'കൂലി'. ചിത്രം മുഴുവനായി ഐമാക്സിലാണ് ചിത്രീകരിക്കാനൊരുങ്ങുന്നതെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലോകേഷും ഒരു അഭിമുഖത്തിൽ തന്റെ അടുത്ത ചിത്രം ഐമാക്സിൽ ഷൂട്ട് ചെയ്യണമെന്ന താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഐമാക്സിൽ ഷൂട്ട് ചെയ്യാനിരുന്ന കഥ 'കൂലി'യുടേതല്ലെന്നും അത് ഇന്റർനാഷണൽ കോൺസെപ്റ്റിലുള്ള മറ്റൊരു സിനിമയാണെന്നും ഛായാഗ്രാഹകൻ മനോജ് പരമഹംസ പറയുന്നു.
ഒരു ഇന്റർനാഷണൽ സിനിമയുടെ അത്രയും ക്വാളിറ്റി ആവശ്യപ്പെടുന്ന, ഇന്ത്യയിൽ നിന്നുള്ള നിരവധി സ്റ്റാറുകൾ ആവശ്യമുള്ള സിനിമയാണത്. സമയമെടുത്ത് മാത്രമേ ആ കഥ ചെയ്യാനാകൂ, ഇപ്പോഴത്തെ അവസ്ഥയിൽ നിർമാതാക്കൾ പറയുന്ന ആറ് മാസത്തിനുള്ളിൽ അത് റിലീസ് ചെയ്യാൻ പറ്റില്ലെന്നും ചാറ്റ് വിത്ത് ചിത്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനോജ് പരമഹംസ പറഞ്ഞു.
'ഒരുപാട് ടൈം എടുത്ത് ചെയ്യേണ്ട സിനിമയാണത്. അടുത്തത് ലോകേഷ് ആ സിനിമ ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നു. ഒരുപാട് വിഎഫ്എക്സ് ഒക്കെയുള്ള ഒരു ഇന്റർനാഷണൽ കോൺസെപ്റ് കഥയാണത്. എങ്ങനെയാണ് ആ കഥ അദ്ദേഹം ചിന്തിച്ചതെന്നത് എനിക്ക് ഇപ്പോഴുമറിയില്ല.
ലിയോക്ക് മുന്നേ അതാണ് ശരിക്കും ചെയ്യാനിരുന്ന കഥ. പക്ഷെ റിലീസ് ഡേറ്റിന്റെ പ്രഷർ കാരണം അത് മാറ്റിവെച്ചതാണ്," മനോജ് പരമഹംസ പറഞ്ഞു.
വിണ്ണൈത്താണ്ടി വരുവായ, നൻപൻ, ബീസ്റ്റ്, വില്ലൻ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് മനോജ് പരമഹംസ. ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ എന്ന വിജയ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തതും മനോജ് പരമഹംസയായിരുന്നു.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മലയാളി നടന്‍ സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Coolie is not the Lokesh Kanakaraj film shooting in IMAX says Manoj Paramahamsa