സൂര്യയെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഗജിനി'. മികച്ച അഭിപ്രായങ്ങളുമായി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ഗജിനിക്ക് പിന്നീട് ഒരു ഹിന്ദി റീമേക്കും ഉണ്ടായി. ആമിർ ഖാൻ ആയിരുന്നു ഹിന്ദിയിലെ നായകൻ. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകാൻ പോകുന്നെന്നും സൂര്യയും ആമിർ ഖാനും അതിൽ ഭാഗമാണെന്നുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
നിർമാതാക്കളായ അല്ലു അരവിന്ദ്, മധു മണ്ടേന എന്നിവരാണ് രണ്ടാം ഭാഗവുമായി മുന്നോട്ട് പോകുന്നത്. ചിത്രം ഹിന്ദിയും തമിഴിലും ആമിർ ഖാനെയും സൂര്യയെയും വച്ച് ഒരേ സമയം ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഗജിനി 2 വിന്റെ ആശയം സൂര്യയ്ക്കും ആമിർ ഖാനും ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടു പേരും വലിയ ആവേശത്തിലാണ്.
എന്നാൽ സിനിമ ഒരു റീമേക്ക് ആക്കി മാറ്റാൻ ഇരുതാരങ്ങളും ഒരുക്കമല്ല. അതിനാലാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. ചിത്രം ഒരേ സമയം റിലീസ് ചെയ്യാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.
ഇപ്പോൾ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്, 2025 പകുതിയോടെ ഗജിനി 2 വിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരാണ് ഇരു ഭാഷയിലും ചിത്രം സംവിധാനം ചെയ്യുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഗജിനിയുടെ രണ്ടാം ഭാഗത്തിൽ താനും ഭാഗമാണെന്ന് കങ്കുവയുടെ പ്രൊമോഷനോട് അനുബന്ധിച്ച് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു.
തമിഴ് പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ഹിന്ദിയിലും ലഭിച്ചത്. ഹാരിസ് ജയരാജ് തമിഴിൽ ചിത്രത്തിനായി സംഗീതം ഒരുക്കിയപ്പോൾ ഹിന്ദിയിൽ എആർ റഹ്മാനായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. രണ്ട് സിനിമകളും സംവിധാനം ചെയ്തത് എആർ മുരുകദാേസ് ആയിരുന്നു. ഹിന്ദിയിലും തമിഴിലും നായികയായി അസിനാണ് എത്തിയത്. അസിന്റെ കല്പന എന്ന കഥാപാത്രത്തിനും വലിയ സ്വീകാര്യതയിരുന്നു ലഭിച്ചത്.
Content Highlights: Ghajini 2 to release simultaneously in hindi and tamil