മലയാളി പ്രേക്ഷകർ ഇന്നും ആസ്വദിക്കുന്ന സിനിമകളിൽ ഒന്നാണ് ലാൽ ജോസ് ചിത്രം 'അയാളും ഞാനും തമ്മിൽ'. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ പാട്ടുകൾക്കും സീനുകൾക്കും ഇന്നും ആരാധകർ ഏറെയാണ്. താൻ സംവിധാനം ചെയ്താൽ മാത്രമേ ആ സിനിമയ്ക്ക് അഡ്വാൻസ് വാങ്ങുകയുള്ളൂവെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നും, ആ കഥാപാത്രം പൃഥ്വിരാജിനെ വച്ച് ചെയ്‌താൽ കോമഡിയായി പോകുമെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും ഓർമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ലാൽ ജോസ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽ ജോസിന്റെ പ്രതികരണം.
‘അയാളും ഞാനും തമ്മില്‍ ചെയ്യുന്ന സമയത്ത് രാജു സോഷ്യല്‍ മീഡിയയില്‍ ഒരുപാട് അറ്റാക്ക് നേരിടുന്ന സമയമായിരുന്നു. ഞാന്‍ ആ സമയത്ത് കസിന്‍സ് എന്ന സിനിമക്ക് വേണ്ടി അവന്റെയും ലാലേട്ടന്റെയും പിന്നാലെ നടക്കുന്ന സമയമായിരുന്നു. രാജുവാണ് ഒരു ദിവസം എന്നെ വിളിച്ച് ഈ സിനിമയുടെ കാര്യം പറയുന്നത്. ഞാന്‍ ഇന്ന് ഒരു കഥകേട്ടു. കഥ എനിക്ക് ഇഷ്ടമായി. അവര് അഡ്വാന്‍സുമായിട്ടാണ് വന്നത്. ലാലു ചേട്ടന്‍ ഡയറക്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ലാലു ചേട്ടന്‍ കഥ കേട്ടിട്ട് ഓക്കെ പറഞ്ഞാല്‍ ഞാന്‍ അഡ്വാന്‍സ് വാങ്ങാം. അല്ലെങ്കില്‍ അഡ്വാന്‍സ് വാങ്ങില്ല എന്നായിരുന്നു അവന്‍ പറഞ്ഞത്.
ഏതോ പുതിയ ആളുകള്‍ വന്ന് കഥ പറഞ്ഞതാകും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. ഇത്രയും ധൈര്യമായി പറയുന്നത് അതുകൊണ്ടാകുമെന്ന് കരുതി. ശരി, അവരോട് വന്നോളാന്‍ പറയൂവെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇപ്പോള്‍ തന്നെ വിടട്ടേയെന്ന് രാജു ചോദിച്ചു. അതിനും ഞാന്‍ ഓക്കെ പറഞ്ഞു. അപ്പോഴാണ് എന്നെ കാണാന്‍ വരുന്നത് കറിയാച്ചന്‍ സാറും (പ്രേംപ്രകാശ്) ബോബി സഞ്ജയ്മാരും ആണെന്ന് ഞാന്‍ അറിയുന്നത്. അത്രയും പ്രശസ്തരായ എഴുത്തുകാരാണ്. അവരോട് നീ ഇങ്ങനെയാണോ പറഞ്ഞതെന്ന് ഞാന്‍ രാജുവിനോട് ചോദിച്ചു. ‘അതിലൊരു കാര്യമുണ്ട്, കഥ കേട്ടാല്‍ മനസിലാകും. എന്നാണ് രാജു പറഞ്ഞത്.
അവർ പറഞ്ഞ കഥയായിരുന്നില്ല സിനിമയായി വന്നത്. അതിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ എനിക്കുണ്ടായിരുന്നു. പ്രണയം ഞാൻ ഉൾകൊള്ളിച്ചതാണ്. കുറച്ച് കാര്യങ്ങളൊക്കെ തിരുത്തിയിരുന്നു. അമ്മ മരിക്കുന്നതായിരുന്നു ആദ്യത്തെ കഥ. അതിനെ കാമുകിയെ നഷ്ടപ്പെടുന്നതാക്കണം എന്നത് എൻ്റെ നിർദേശമായിരുന്നു. അത് ക്ലീഷേയാണെന്ന് അവർ പറഞ്ഞു. ക്ലീഷേയാണെന്ന് പറഞ്ഞു അച്ഛനെ അളിയാന് വിളിക്കാൻ പറ്റില്ലാലോ എന്ന് ഞാനും ചോദിച്ചു.
പ്രണയം ഉണ്ടാക്കുന്ന വേദന പോലെ വേറൊന്നും ഇല്ല. ഇപ്പോൾ എനിക്ക് ധൈര്യം ഇല്ല രാജുവിനെ കൊണ്ട് അങ്ങനെ ഒരു കഥാപാത്രം ചെയ്യിപ്പിക്കാൻ. കാരണം രാജുവിന്റേത് ഒരു യോദ്ധാവിന്റെ ശരീരമാണ്. അകത്തൊരാൾ തകർന്നാൽ മാത്രമേ മുഖത്ത് ആ ഭാവം വരുത്താൻ പറ്റൂ. അറിഞ്ഞാണ് ആ കഥാപത്രം രാജു ചെയ്തത്. സെന്റിമെൻസ് സീനൊക്കെ പൃഥ്വിരാജിനെ വച്ച് ചെയ്‌താൽ കോമഡിയായി പോകുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ കഥാപാത്രത്തിൻ്റെ മനസറിഞ്ഞാണ് പൃഥ്വിരാജ് അഭിനയിച്ചത്. ലാൽ ജോസ് കൂട്ടിച്ചേർത്തു.
lal jose shares memories about the film ayalum njanum thammil