ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് 'ഉള്ളൊഴുക്ക്'. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രത്തിനെ തേടി മറ്റൊരു അംഗീകാരവും കൂടി എത്തിയിരിക്കുകയാണ്. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ്. സംവിധായകൻ ക്രിസ്റ്റോ ടോമി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഈ വർഷം ജൂണില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയിൽ ചർച്ചയുണ്ടാക്കിയിരുന്നു. ചിത്രത്തിലെ പർവതിയുടേയും ഉർവശിയുടേയും പ്രകടനങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉർവശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായും തിരഞ്ഞെടുക്കപ്പെട്ടു.
'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ലോസ് ആഞ്ചലെസിൽ വച്ചു നടന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ്)ന്റെ ഭാഗമായി പ്രശസ്തമായ സൺസെറ്റ് ബൊളുവാഡ് തിയേറ്ററിൽ വച്ച് ചിത്രത്തിന്റെ ലോസ് ആഞ്ചലെസ് പ്രീമിയർ നടന്നിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റ ബാനറുകളില്‍ നിർമിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്. അസോ. പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍,ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്.
Content Highlights: screenplay of ullozhukku selected at oscar library